ബെംഗളൂരു: മൂന്നുവർഷങ്ങൾക്കുമുമ്പ് വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ഐ.എസ്.ആർ.ഒ.) മുതിർന്ന ശാസ്ത്രജ്ഞൻ. ഐ.എസ്.ആർ.ഒ. ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്. 2017 മേയ് 23-ന് ഐ.എസ്.ആർ.ഒ. ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആർസെനിക് ട്രൈയോക്സൈഡ് നൽകുകയായിരുന്നുവെന്നാണ് ഫെയ്സ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വിഷബാധയ്ക്ക് ദില്ലി എയിംസിൽ തേടിയതിന്റെ രേഖകളും മിശ്ര ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ കലർത്തിയാകും വിഷം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേർത്തു. ഐ.എസ്.ആർ.ഒ.യുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറായും മിശ്ര പ്രവർത്തിച്ചിട്ടുണ്ട്. എന്നാല് ഇതുവരെയും സംഭവത്തിൽ ഐ.എസ്.ആർ.ഒ. പ്രതികരിച്ചിട്ടില്ല.

