ബീഹാർ: ബീഹാറിലെ നൂഡിൽസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. മുസാഫർപൂരിൽ നൂഡിൽസ് ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം. ഞായറാഴ്ച രാവിലെ 10 മണിയോടെ ബേല ഏരിയയിലെ നൂഡിൽസ് നിർമാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പന്ത്രണ്ടിലധികം പേർക്കു പരുക്കേറ്റു. സ്‌ഫോടന ശബ്ദം അഞ്ച് കിലോമീറ്റർ ദൂരം വരെ കേട്ടതായാണ് റിപ്പോർട്ടുകൾ.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുണ്ടായ മില്ലും തകർന്നതായാണ് വിവരം. മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്നു രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാർ പറഞ്ഞു.

