Saturday, May 25, 2024
spot_img

ധീരജ് വധം: രക്തസാക്ഷിയുടെ പേര് പറഞ്ഞ് എസ്എഫ്ഐ കലാലയങ്ങളിലും സ്കൂളുകളിലും അക്രമം അഴിച്ചുവിടുന്നു

കോഴിക്കോട്: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന്റെ പേരിൽ എസ്എഫ്ഐ കലാലയങ്ങളിലും സ്കൂളുകളിലും അക്രമം.

കഴിഞ്ഞ ദിവസം ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എംഎൽഎ ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തതിരുന്നു.

ഇതോടെ സമരം നടക്കാത്ത വടകരയിലെ എംയുഎം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘർഷം നടന്നത്. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. സംഭവത്തിൽ 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സ്കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് വിടാൻ പറ്റില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും ക്ലാസ് വിടണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇതോടെ രക്ഷിതാക്കളും പരിസരവാസികളും സമരക്കാരുമായി തർക്കമായി.

ഇതേത്തുടർന്ന് സംഘർഷമുണ്ടാകുകയും, ചിലർക്ക് നിസാര പരുക്കേൽക്കുകയും ചെയ്‌തു. ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ സമ്മതിച്ചില്ലെന്ന് അധ്യാപകർ പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

Related Articles

Latest Articles