Sunday, May 5, 2024
spot_img

തായമ്പകയില്‍ മാന്ത്രികം തീർത്ത പോരൂർ രാമചന്ദ്ര മാരാർ അന്തരിച്ചു

ആക്കോട്: തായമ്പകയില്‍ മാന്ത്രികം തീർത്ത പോരൂർ രാമചന്ദ്ര മാരാർ അന്തരിച്ചു (Porur Ramachandran Marar Passed Away). 59 വയസ്സായിരുന്നു. ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. അതോടൊപ്പം തന്നെ സാധാരണ ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്. ഈ ചെണ്ടമേളങ്ങളിൽ അതിവിദഗ്ധനാണ് മുണ്ടക്കാശ്ശേരി കൃഷ്ണകൃപയിൽ പോരൂർ രാമചന്ദ്ര മാരാർ.

കേരളത്തിലങ്ങോളമിങ്ങോളം വിവിധ പരിശീലന കേന്ദ്രങ്ങളിലായി ആയിരത്തിലധികം ശിഷ്യഗണങ്ങൾ മാരാർക്കുണ്ട്. കേരള വാദ്യകലാ അക്കാദമിയുടെ വാദ്യശ്രീ പുരസ്‌കാരം, മേളകലാരത്‌നം പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തായമ്പക, മേള കലാസ്വാദകരും ശിഷ്യഗണങ്ങളും ചേർന്ന് വീരശൃംഖല സമർപ്പണം നടത്തി ആദരിച്ചിട്ടുണ്ട്.

സംസ്‌കാരം ആക്കോട് കൃഷ്ണ കൃപയിലെ വീട്ടുവളപ്പിൽ ഉച്ചക്ക് 2 മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതരായ പോരൂർ ശങ്കരമാരാരുടേയും പയിമ്പ്ര പോലൂർ പാർവ്വതി മാരാസ്യാരുടേയും മകനാണ് രാമചന്ദ്ര മാരാർ. ഭാര്യ: കോങ്ങാട് മാരാത്ത് ഗീത. മക്കൾ: ഉണ്ണികൃഷ്ണമാരാർ, പ്രശസ്ത സോപാന സംഗീത വിദഗ്‌ദ്ധൻ ഹരികൃഷ്ണമാരാർ. മരുമക്കൾ : ചങ്ങരംകുളം നന്നംമുക്ക് മാരാത്ത് നിമിഷ, പോലൂർ മാരാത്ത് രാധിക.

Related Articles

Latest Articles