Friday, October 2, 2026

ശബരിമലയിൽ പോലീസിന്റെ പ്രവർത്തനം അഭിനന്ദനാർഹം എന്നാൽ ഫോട്ടോഷൂട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; അമിത വില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാനും നിർദ്ദേശം

എറണാകുളം: ശബരിമലയിൽ പോലീസിന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്നും എന്നാൽ ഫോട്ടോ ഷൂട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും കേരളാ ഹൈക്കോടതി. ശബരിമല കേസുകൾ പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. പതിനെട്ടാം പടിയിൽ ശ്രീകോവിലിനു പുറം തിരിഞ്ഞുനിന്ന് പോലീസുകാർ എടുത്ത ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ വിവാദമായിരുന്നു. ഫോട്ടോ ഷൂട്ട് ആചാര ലംഘനമാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ചിത്രീകരണം നിരോധിച്ചിട്ടുള്ള സ്ഥലത്ത് ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യം എന്തെന്ന് കോടതി ദേവസ്വം ബോർഡിനോട് ആരാഞ്ഞു.

സന്നിധാനത്തും പമ്പയിലും ഭക്തരിൽ നിന്ന് അമിത വില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിലയ്ക്കൽ, പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർക്കാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംന്ധിച്ച് ലഭിച്ച ചില പരാതികൾ സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയ്ക്ക് കൈമാറിയിരുന്നു. കേസുകൾ പിന്നീട് വാദം കേൾക്കാനായി മാറ്റി.

Related Articles

Latest Articles