കോട്ടയം : മിത്ത് വിവാദത്തിലൂടെ സ്പീക്കർ എ.എം.ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഗണേശ ഭഗവാനെ അവഹേളിച്ചുവെന്നഭിപ്രായപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. ശ്രീ ഷംസീർ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാൻ ഗണേഷ് ജിയെ അദ്ദേഹം അവഹേളിച്ചു. അതു കഴിഞ്ഞ് അതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോൾ, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ല. കേരളത്തിലും നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ പ്രവർത്തികമാക്കാനാകും. ഇവിടെയും ബിജെപി വലിയ പാർട്ടിയായി സർക്കാരുണ്ടാക്കും. വരും ദിവസങ്ങളിൽ കേന്ദ്ര, സംസ്ഥാനനേതാക്കൾ അടക്കമുള്ളവർ പുതുപ്പള്ളിയിൽ സ്ഥാനാർഥിക്കായി പ്രചരണത്തിനിറങ്ങും. കേരളം ഒരുപാട് മുന്നോട്ട് പോകാനുണ്ട്. അതിനായി ബിജെപി അധികാരത്തിലെത്തണം. കേരളത്തിലെ യുഡിഎഫും എൽഡിഎഫും പല രീതിയിൽ നിരവധി വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരെ തെറ്റിധരിപ്പിച്ചു. എന്നാലിന്ന് എന്താണ് ബിജെപിയെന്ന് തിരിച്ചറിഞ്ഞ് എല്ലാവിഭാഗങ്ങളും ബിജെപിയോട് അടുക്കുന്നുണ്ട് ” – അനിൽ ആന്റണി പറഞ്ഞു.

