Thursday, May 16, 2024
spot_img

ചാനൽ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ശശി തരൂർ ! യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയും അഭിമുഖം സംപ്രേക്ഷണം ചെയ്ത 24 ചാനലിനെതിരെയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി ബിജെപി

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെയും 24-ന്യൂസിൻ്റെ മാനേജിംഗ് ഡയറക്ടർ .ശ്രീകണ്ഠൻ നായർ, റിപ്പോർട്ടർ ഷഫീദ് റാവുത്തർ എന്നിവർക്കെതിരെയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി ബിജെപി .

24 ന്യൂസ് നടത്തിയ “മീറ്റ് ദ കാൻഡിഡേറ്റ്” അഭിമുഖത്തിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ ശശി തരൂർ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളിലാണ് പരാതി.

രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കും മതവിശ്വാസികൾക്കും പണം വാഗ്ദാനം ചെയ്ത് വോട്ടുകൾ നേടാൻ ശ്രമിക്കുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ നൽകാൻ താൻ തയ്യാറല്ലെന്നും തരൂർ അഭിമുഖത്തിൽ പറഞ്ഞു.

പിന്നാലെ ചാനൽ തങ്ങളുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും അവയുടെ സാധുത പരിശോധിക്കാതെ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്യുകയായിരുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും കൂടാതെ രാജീവ് ചന്ദ്രശേഖറിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും, വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും നടപടിയെടുക്കണമെന്നും , ന്യൂസ് ചാനലിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളവീഡിയോകൾ നീക്കം ചെയ്യാനും പ്രസ്തുത അഭിമുഖവും അനുബന്ധ ഭാഗങ്ങളും സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ചാനലിനെ വിലക്കണമെന്നുമാണ് പരാതിയിൽ ബിജെപി ആവശ്യപ്പെടുന്നത്.

Related Articles

Latest Articles