Saturday, January 10, 2026

ഇഷ്ടമുള്ളതേ പഠിക്കൂ എന്ന് വിചാരിച്ച് സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ല; ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസ്സില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ല; വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയും ആയ ഡോ. ശശി തരൂര്‍. സിലബസില്‍ ഗോള്‍വാര്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തയതില്‍ തെറ്റില്ല എന്നാണ് ശശി തരൂരിന്റെ പ്രതികരണം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ജീവിച്ചിരുന്ന കാലത്ത് എന്താണ് സംഭവിച്ചത്. അവര്‍ എപ്പോഴാണ് പുസ്തകം എഴുതിയത് തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് തരൂര്‍ വ്യക്തമാക്കി.

ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു.ചിലർ പറയുന്നത് സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കും എന്നാണ്. എന്നാൽ അധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്തമുണ്ട്. അദ്ദേഹം വ്യക്തമാക്കി.

പല പുസ്തകങ്ങളോടൊപ്പമാണ് ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആ പുസ്തകങ്ങള്‍ മാത്രമാണ് സിലബസിലുള്ളത് എങ്കില്‍ ശരിയാകുമായിരുന്നില്ല. ഇവിടെ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പുസ്തകങ്ങള്‍ക്കൊപ്പമാണ് ആര്‍എസ്എസ് നേതാക്കളുടെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ തെറ്റ് പറയാനാകില്ല. വിദ്യാര്‍ഥികള്‍ എല്ലാം വായിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles