Saturday, May 18, 2024
spot_img

പകരക്കാരില്ലാത്ത നടനവിസ്മയം; മലയാളത്തിന്റെ ശോഭനക്ക് ശോഭയാര്‍ന്ന 52-ാം പിറന്നാള്‍

മലയാളത്തിന്റെ ശോഭനക്ക് ശോഭയാര്‍ന്ന പിറന്നാള്‍(Shobana Birthday). തെന്നിന്ത്യൻ താരം ശോഭന ഇന്ന് 52-ാം ജന്മദിനം. ശ്രീത്വം തുളുമ്പുന്ന മുഖവും വലിയ കണ്ണുകളുമായി ഏപ്രില്‍ പതിനെട്ടിലൂടെയായിരുന്നു ആ പതിമൂന്ന് വയസുകാരി മലയാള സിനിമയുടെ തിരുമുറ്റത്തേക്ക് വലതുകാല്‍ വച്ച് കയറിയത്. ഭര്‍തൃവീട്ടിലേക്ക് ഐശര്യവതിയായ നവവധു നിലവിളക്കുമായി പ്രവേശിക്കുന്നത് പോലെയായിരുന്നു അത്.ഉത്തമയായ ഭാര്യയായി,നല്ല മരുമകളായി, വാത്സല്യമുള്ള അമ്മയായി ഇണങ്ങിയും പിണങ്ങിയും തനിക്കായി കരുതി വച്ച റോളുകളെല്ലാം ഭംഗിയായി നിര്‍വ്വഹിച്ച ഒരു വീട്ടമ്മയെ പോലെയായിരുന്നു ശോഭന. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ച വേഷങ്ങള്‍, ഒരു നടി എങ്ങിനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശോഭന.

shobana
shobana

52ന്റെ നിറവിലും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജനമനസിലെ നിറസാന്നിദ്ധ്യമാണ് നടി ശോഭന. പിറന്നാള്‍ ദിനത്തില്‍ ലളിത-പത്മിനി-രാഗിണിമാര്‍ക്കായി ആദരമര്‍പ്പിച്ച് തിരുവനന്തപുരത്ത് പ്രത്യേക കലാവിരുന്നും ശോഭന ഇന്ന് നടത്തുന്നുണ്ട്. തെന്നിന്ത്യന്‍ ലോകത്ത് നര്‍ത്തകിയായും നായികയായും ശോഭിച്ച ശോഭനയുടെ സംഭാവനകള്‍ ചെറുതൊന്നുമല്ല. 1970 മാര്‍ച്ച് 21ന് തിരുവനന്തപുരത്ത് ജനിച്ച ശോഭന ചന്ദ്രകുമാര്‍ പിള്ള എന്ന ശോഭന ചെറുപ്രായത്തില്‍ തന്നെ കലാകാരിയായി അരങ്ങേറി.

തമിഴില്‍ തുടങ്ങി മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. 1984ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ ഒട്ടേറെ നല്ല വേഷങ്ങള്‍ തേടിയെത്തി. രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.

ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് സമ്മാനിച്ചത് ശോഭനയുടെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ്. അക്ഷരാര്‍ത്ഥത്തില്‍ അത് ശോഭനയുടെ മാത്രമല്ല, മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി. ചിത്രത്തില്‍ ഗംഗയായും നാഗവല്ലിയായും ശോഭന പരകായപ്രവേശനം നടത്തുകയായിരുന്നു. ഒരു മാനസിക രോഗിയുടെ ഭാവങ്ങള്‍ അത്ര തന്‍മയത്വത്തോടെയാണ് അവര്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ.സണ്ണിക്ക് നാഗവല്ലിയുടെ ആഭരണങ്ങള്‍ കാണിച്ചുകൊടുക്കുന്ന രംഗമുണ്ട്.ഓരോ ആഭരണങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോള്‍ ഗംഗയുടെ മുഖത്തെ ഭാവം അത് ശോഭനക്ക് മാത്രം അവകാശപ്പെട്ടതാണ്. ക്ലൈമാക്സിലെ നൃത്തരംഗവും കോപാവേശിതയായ നാഗവല്ലിയും ഇപ്പോഴും അദ്ഭുതത്തോടെ മാത്രമേ ആ രംഗങ്ങളെ നോക്കിക്കാണാനാകൂ. വിവിധ ഭാഷകളിലായി 14 ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍, പത്മശ്രീ, കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരവും, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ശോഭനയെ തേടിയെത്തി.

ഇടക്കാലത്ത് സിനിമ വിട്ടെങ്കിലും നൃത്തത്തിൽ ശോഭന സജീവമായിരുന്നു. ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയം നടത്തുന്നുമുണ്ട്. അമ്പത് വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് ശോഭന. 2010ല്‍ ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തു. അനന്ത നാരായണിയെന്നാണ് പേര് നൽകിയിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2013-ൽ തിരയിലൂടെ മലയാളത്തിലേക്ക് ശോഭന തിരിച്ചെത്തിയിരുന്നു. പിന്നീട് 2020ൽ ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും മികച്ച വേഷത്തിൽ ശോഭന അഭിനയിച്ചു.

Related Articles

Latest Articles