Saturday, May 4, 2024
spot_img

വഴുതക്കാട് അക്വേറിയം ഗോഡൗണിലെ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ല;അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്നും കണ്ടെത്തൽ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വൈകീട്ട് വഴുതക്കാട് അക്വേറിയം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ കണ്ടെത്തൽ.
ഗോഡൗണിൽ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്ന് കെട്ടിട ഉടമ തന്നെ സമ്മതിച്ചു. അഗ്നിരക്ഷാസംവിധാനങ്ങളില്ലാതെയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമെന്ന് ഫയര്‍ഫോഴ്സിന്‍റെ പരിശോധനയിലും കണ്ടെത്തി. അക്വേറിയം ഗോഡൗണിൽ തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. തീപ്പിടിത്തമുണ്ടായാൽ രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളുമില്ലായിരുന്നു. ഇതാണ് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് ഫയര്‍ഫോഴ്സിന്‍റെ നിഗമനം.

തീപ്പിടിത്തതിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ കെഎസ്ഇബി എഞ്ചിനിയര്‍മാര്‍ അടങ്ങുന്ന ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ കണ്ടെത്തൽ. വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്ന് തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വെൾഡിംഗിന് കെട്ടിട ഉടമ കെഎസ്ഇബിയിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. അക്വാറിയും ഉടമയുടെ വീടിനും ഗേറ്റിനും ബുള്ളറ്റിനും കേടുപാടുണ്ടായി. തൊട്ടടുത്ത ഓടിട്ട വീട് ഭാഗികമായി കത്തിനശിച്ചു. സ്വര്‍ണാഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായി.

കെട്ടിടത്തിന് നഗരസഭയുടേയും ഫിഷറീസ് വകുപ്പിന്‍റേയും ലൈസൻസ് ഉണ്ട്. കെട്ടിട നമ്പര്‍ വാണിജ്യ ആവശ്യങ്ങൾക്കുള്ളതാണോയെന്ന കാര്യം പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. കെട്ടിട ഉടമയ്ക്ക് അരക്കോടി രൂപയുടേയും അയൽവാസിക്ക് ഒരുകോടി രൂപയുടേയും നഷ്ടമാണുണ്ടായത്.

Related Articles

Latest Articles