Sunday, May 5, 2024
spot_img

സി പി ഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സീതാറാം യെച്ചൂരി എത്തിയത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കാറില്‍

വടകര: സീതാറാം യെച്ചൂരി സി പി ഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ കാർ ക്രിമിനില്‍ക്കേസ് പ്രതിയുടേതെന്ന ആരോപണവുമായി ബി.ജെ.പി. നാദാപുരം മേഖലയില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റേതാണ് വാഹനം. സി.പി.എം – എസ്.ഡി.പി.ഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണിതെന്നും ബി.ജെ.പി വ്യക്തമാക്കി.

പാര്‍ട്ടി കോണ്‍ഗ്രസിനായി കണ്ണൂരിലെത്തിയ യെച്ചൂരിയുടെ യാത്രക്കായി പാര്‍ട്ടി പ്രത്യേക വാഹനം ഒരുക്കി നൽകുകയായിരുന്നു. പി.ബി അംഗങ്ങളുള്‍പ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്ക് വരുന്നതിനും പോകുന്നതിനും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായും പ്രത്യേക വാഹനങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട സംഭവത്തിനാണ് ബിജെപി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇയാള്‍ സി.പി.എമ്മുമായി സഹകരിക്കുകയും എസ്.ഡി.പി.ഐയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണെന്നും ബി.ജെ.പി ആരോപിക്കുന്നു. എസ്.ഡി.പി.ഐയുമായി സി.പി.എം സഹകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും, കോഴിക്കോട് ജില്ലാ സെക്രട്ടറി നേരിട്ടാണ് ഈ വാഹനം ഒരുക്കി നല്‍കിയതെന്നും ബി.ജെ.പി ആരോപിക്കുന്നു. ഇരിങ്ങണ്ണൂര്‍ സ്വദേശി ചുണ്ടയില്‍ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെ.എല്‍ 18 എബി 5000 എന്ന നമ്ബറിലുള്ള ഫോര്‍ച്യൂണര്‍ വാഹനം ആണ് അന്ന് ഉപയോഗിച്ചത്.

എന്നാൽ, താൻ ലീഗ് പ്രവർത്തകനാണെന്നും എസ്‌ഡിപി‌ഐയുമായി ബന്ധമില്ലെന്നും വാഹനഉടമ സിദ്ദിഖ് മറുപടിയുമായെത്തി. കാർ താൻ വാടകയ്‌ക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചു. ഇയാൾ ആർക്കെങ്കിലും വാഹനം നൽകിയാൽ താൻ ഉത്തരവാദിയല്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റിന് തലയ്‌ക്ക് വെളിവില്ലെന്നും സിദ്ദിഖ് പറഞ്ഞു.

Related Articles

Latest Articles