Saturday, October 10, 2026

“ആരാധകർക്കൊപ്പം 6 മണിക്കൂർ, 1000 പേർക്ക് ഇൻഷുറൻസ്: മാതൃകയായി അല്ലു അർജുന്റെ ആരാധക സംഗമം”

ഹൈദരാബാദ്: ആരാധകരുമായുള്ള ആത്മബന്ധം വീണ്ടും തെളിയിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. പുതിയ സിനിമയുടെ പ്രൊമോഷനോ ബ്രാൻഡ് പരിപാടിയോ ഒന്നുമല്ലാതെ, ആരാധകരോട് നന്ദി അറിയിക്കാനായി മാത്രം സംഘടിപ്പിച്ച പ്രത്യേക സംഗമത്തിലാണ് താരം ആറ് മണിക്കൂറിലധികം സമയം ചെലവഴിച്ചത്.
ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ ഏകദേശം 1,000 അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ (AAFA) അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. പതിവ് ഫോട്ടോ സെഷനുകളിൽ ഒതുങ്ങാതെ, ആരാധകരോടൊപ്പം ഡാൻസ് കളിച്ചും തമാശകൾ പങ്കുവെച്ചും നേരിട്ട് സംവദിച്ചും അല്ലു അർജുൻ ആഘോഷത്തിന്റെ ഭാഗമാവുകയായിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുന്ന സുഹൃത്തുക്കളെപ്പോലെയായിരുന്നു താരവും ആരാധകരും തമ്മിലുള്ള നിമിഷങ്ങൾ.

തന്റെ കരിയറിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ആരാധകരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന വേദിയായാണ് ഈ സംഗമം മാറിയത്. ചടങ്ങിൽ പങ്കെടുത്ത എല്ലാ 1,000 AAFA അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയെന്ന പ്രഖ്യാപനവും ശ്രദ്ധേയമായി. ആരാധകരുടെ ക്ഷേമത്തിന് താരം നൽകുന്ന പ്രാധാന്യത്തിന്റെ തെളിവായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആരാധകർ ഹൈദരാബാദിലെ പരിപാടിയിൽ പങ്കെടുത്തത്. അവരുടെ സ്നേഹത്തിന് മറുപടിയായി ഒരു ദിവസം മുഴുവൻ സമയം മാറ്റിവെച്ച അല്ലു അർജുന്റെ ഈ നീക്കം സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടുകയാണ്.

സെലിബ്രിറ്റികൾ ആരാധകർക്കായി ഏതാനും മിനിറ്റുകൾ മാത്രം മാറ്റിവെക്കുന്ന കാലഘട്ടത്തിൽ, മണിക്കൂറുകളോളം ആരാധകർക്കൊപ്പം ചെലവഴിച്ച അല്ലു അർജുന്റെ ഈ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. സൂപ്പർതാരത്തെ നേരിൽ കണ്ട സന്തോഷത്തിനൊപ്പം, തങ്ങളെ ആത്മാർത്ഥമായി വിലമതിക്കുന്ന ഒരാളോടൊപ്പം ചെലവഴിച്ച വിലപ്പെട്ട നിമിഷങ്ങളുടെ ഓർമ്മയുമായാണ് ആരാധകർ മടങ്ങിയത്.

Related Articles

Latest Articles