Friday, October 2, 2026

ആറ് മാസം കഴിഞ്ഞു, കുറ്റപത്രമില്ല; ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം വഴിമുട്ടുന്നു

പത്തനംതിട്ട: സംസ്ഥാനത്തെ ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം പൂർണ്ണമായും മരവിച്ച നിലയിൽ. കേസ് അന്വേഷണം ആരംഭിച്ച് ആറ് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സാധിച്ചിട്ടില്ല. കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന എസ്.ഐ.ടിയുടെ ഉറപ്പും നിലവിൽ പാഴായ അവസ്ഥയിലാണ്. അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായ എസ്.പി വിരമിച്ചെങ്കിലും പകരക്കാരനെ നിയമിക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.

ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കുന്ന ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും നിലവിൽ നടപടികൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. കുറ്റപത്രം വൈകിയത് വഴി അറസ്റ്റിലായ പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാനുള്ള പഴുതൊരുങ്ങിയത് അന്വേഷണ സംഘത്തിന്റെ വലിയ പരാജയമായി വിലയിരുത്തപ്പെടുന്നു. അഞ്ച് പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുൻപ് കോടതിയെ അറിയിച്ചിരുന്നെങ്കിലും ഒരാളെപ്പോലും പിടികൂടാൻ സാധിച്ചിട്ടില്ല.

നിലവിൽ മോഷ്ടിക്കപ്പെട്ട സ്വർണ്ണം എവിടെയാണെന്നോ അതിന്റെ കൃത്യമായ അളവ് എത്രയാണെന്നോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജംഷഡ്‌പൂരിലെ ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ തുടനടപടികൾ ഉണ്ടാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. എന്നാൽ ഈ ഫലം എന്ന് വരുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. ഇതിനു പുറമെ, പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നതും അന്വേഷണത്തിലെ മെല്ലെപ്പോക്കിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിരഞ്ഞെടുപ്പ് കാലമായതിനാൽ ചോദ്യം ചെയ്യലുകൾ അടക്കമുള്ള നടപടികൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ അനുമതി ലഭിക്കണമെങ്കിൽ പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഇതോടെ കേസിലെ രാഷ്ട്രീയ നിലപാടുകളും നിർണ്ണായകമാകും. ഈ മാസം അവസാനത്തോടെ ജംഷഡ്‌പൂരിൽ നിന്നുള്ള ഫലം ലഭിക്കുമെന്നും അതിനുശേഷം നടപടികൾ വേഗത്തിലാക്കുമെന്നുമാണ് നിലവിൽ എസ്.ഐ.ടി നൽകുന്ന മറുപടി.

Related Articles

Latest Articles