ബെംഗളൂരു : വമ്പൻ ലക്ഷ്യം പിന്തുടരാനുള്ളപ്പോൾ തകർത്ത് കളിക്കേണ്ടതിന് പകരം മെല്ലെപ്പോക്ക് ശൈലിയിൽ ബാറ്റ് വീശിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിനെതിരെ രൂക്ഷ വിമർശനം. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ അവസാന പന്തിൽ ലക്നൗ വിജയിച്ചെങ്കിലും രാഹുലിന്റെ ബാറ്റിംഗ് പ്രകടനം മോശമായിരുന്നു. ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ് (30 പന്തിൽ 65), വെസ്റ്റിൻഡീസ് താരം നിക്കോളാണ് പുരാൻ (19 പന്തിൽ 62) എന്നിവരുടെ ഇന്നിങ്സിലാണ് ബാംഗ്ലൂർ കുറിച്ച 213 റൺസെന്ന വമ്പൻ വിജയലക്ഷ്യം ലക്നൗ മറികടന്നത്.
എന്നാൽ ഇവർക്കൊപ്പം ആക്രമിച്ച് കളിക്കേണ്ട രാഹുൽ നേടിയതാകട്ടെ 20 പന്തിൽ 18 റൺസ്. ആകെ അടിച്ചത് ഒരേ ഒരു ഫോറും. പുരാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.
മത്സരത്തിൽ രാഹുലിന്റെ ഇന്നിങ്സ് കണ്ടു കൊണ്ടിരിക്കുക എന്നത് സങ്കടകരമായ കാഴ്ചയായിരുന്നെന്ന് മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫർ പറഞ്ഞു. ‘‘എനിക്ക് അതിശയവും സങ്കടവും തോന്നി. ടീം 213 റൺസ് ചേസ് ചെയ്യുന്നു. അപ്പോൾ ഓപ്പണറായി ഇറങ്ങിയ ഒരാൾ ഇങ്ങനെയാണോ കളിക്കേണ്ടത്. അതും ക്യാപ്റ്റൻ. രാഹുൽ മനോഭാവം തീർച്ചയായും മാറ്റണം. താൻ ഔട്ടായാൽ പിന്നെ റൺസ് സ്കോർ ചെയ്യുന്നവർ ആരും ഇല്ല എന്നു കരുതരുത്..’’– ജാഫർ പറഞ്ഞു.
മുൻ ഇന്ത്യൻ പേസ് ബോളർ ദൊഡ്ഡ ഗണേശും രാഹുലിനെ വിമർശിച്ചു.
‘ഐപിഎലിൽ ഞാൻ കണ്ടതിൽ വച്ചേറ്റവും മോശം ഇന്നിങ്സ്’ മത്സരശേഷം ഗണേശ് കുറിച്ചു.

