അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തകർച്ച സ്‌മൃതി ഇറാനിക്ക് മധുര പ്രതികാരമാണ്. 2014 ൽ പുതുമുഖമായി അമേഠി മണ്ഡലത്തിൽ സ്‌മൃതി ഇറാനി മത്സരിക്കാനെത്തുമ്പോൾ വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അധിക്ഷേപങ്ങൾ നേരിട്ടിരുന്നു. പക്ഷേ 2014 ൽ തന്നെ സ്‌മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഞെട്ടിച്ചിരുന്നു. നെഹ്രു കുടുംബത്തിലെ ആര് മല്‍സരിച്ചാലും മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ തളയ്ക്കാൻ സ്‌മൃതി ഇറാനിക്കായി.
പോയ അഞ്ചുവർഷവും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം ഇടതടവില്ലാതെ ഇടപഴകിയ സ്‌മൃതി ഇറാനി ഒട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും മുന്നേറിയത് ജനമനസ്സുകളിൽ ഇടം നേടിയതുകൊണ്ട് മാത്രമാണ്. പ്രിയങ്ക ഗാന്ധിയെ അമേഠിയിൽ പ്രചാരണത്തിനിറക്കി സ്‌മൃതി ഇറാനിയെ തളയ്ക്കാനുള്ള രാഹുൽ തന്ത്രവും വിജയം കണ്ടില്ല. അമേഠിയെ ഷോക്കെയ്‌സ് മണ്ഡലമായി അധഃപതിപ്പിക്കാൻ തങ്ങൾ തയ്യാറല്ല എന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയാണ് മണ്ഡലത്തിലെ വോട്ടർമാർ. ഈ തിരിച്ചറിവ് വരുംകാല രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ദിശാസൂചികയാണ്.

