Monday, April 29, 2024
spot_img

ഡോ.വന്ദന ദാസിന്റെ വീട് സന്ദർശിച്ച് സ്മൃതി ഇറാനിയും വി. മുരളീധരനും; വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ചു

കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അദ്ധ്യാപകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട്, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും സന്ദർശിച്ചു. ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദർശനം.

വന്ദനയുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചെലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാർ മടങ്ങിയത്.

ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മേയ് 10ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തിൽ മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്കൂൾ അദ്ധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.

Related Articles

Latest Articles