Wednesday, May 22, 2024
spot_img

അങ്ങനെ അതും പാളി…! പോലീസ് സ്‌റ്റേഷനുകളുടെ ഘടനയിൽ അഴിച്ചുപണി ; മാറ്റം പിണറായി സർക്കാരിന്റെ പരിഷ്‌കാരങ്ങൾ വിനയായതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്‌പെക്ടർമാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റേഷൻ ഭരണം ഇൻസ്‌പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്‌ക്കാരം ലക്ഷ്യം കണ്ടില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പഴയസ്ഥിതിയിലേക്ക് മാറ്റുന്നത്.

2018 നവംബർ ഒന്നിനാണ് സംസ്ഥാനത്ത 472 പോലീസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും ഇൻസ്‌പെക്ടർമാർക്ക് കൈമാറിയത്. എസ്.ഐമാരുടെ തസ്തിക ഇൻസ്‌പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തിരുന്നു. അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി സർക്കാരിന്റെ പരിഷ്‌കാരം.

സ്റ്റേഷൻ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കാൻ ഇൻസ്‌പെക്ടർമാർക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സർക്കിൾ ഇൻസ്‌പെക്ടർമാർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്.പിമാരുടെയും എ.ഡി.ജി.പിമാരുടെയും യോഗത്തിൽ വിലയിരുത്തലുണ്ടായി. എസ്.ഐമാർ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറാൻ തുടങ്ങി, എല്ലാ ഉത്തരവാദിത്തവും ഇൻസ്‌പെക്ടറിലേക്ക് വന്നു ചേർന്നതോടെ പലർക്കും മാനസിക സംഘർഷങ്ങളും ശാരീരിക പ്രശ്‌നങ്ങളുമുണ്ടായി, ഗ്രേഡ് എസ്.ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles