Friday, April 26, 2024
spot_img

സോളാര്‍ തട്ടിപ്പ്; വ്യവസായിയെ പറ്റിച്ച കേസില്‍ അന്തിമവാദം പൂര്‍ത്തിയായി; വിധി 13 ന്

തിരുവനന്തപുരം: വ്യവസായിയായ ടിസിമാത്യുവിന് സോളാര്‍ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ ഈ മാസം 13ന് വിധി പറയും. ബിജു രാധാകൃഷ്ണന്‍, സരിത എസ്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2013 ലാണ് കേസിന് ആസ്പദമായ സംഭവം.തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പട്ടം സ്വദേശിയും വ്യവസായിയും ആയ ടിസിമാത്യുവില്‍ നിന്ന് സരിതയും ബിജുവും പണം തട്ടിയെടുത്തത്. ഉടമ്പടി ഉണ്ടാക്കിയിരുന്നത് ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയും ലിവ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയും തമ്മിലായിരുന്നു. വര്‍ഷം തോറും ഏഴ് ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും തമിഴ്‌നാട് പ്രദേശത്ത് നിലവില്‍ ധാരാളം കാറ്റാടി യന്ത്രങ്ങള്‍ ഉണ്ടെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നുമാണ് പരാതി. ഇതിന് മുഴുവന്‍ ചരട് വലി നടത്തിയത് ബിജു രാധാകൃഷ്ണനായിരുന്നെന്നും മാത്യുവിന്‍റെ അഭിഭാഷക കെ കുസുമം കോടതിയെ അറിയിച്ചു. ആറ് വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് കേസില്‍ 13 ന് വിധി പറയുന്നത്.

Related Articles

Latest Articles