Friday, May 3, 2024
spot_img

കശ്മീർ ശാന്തം: പാകിസ്താനും ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’; കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി

ഹൈദരാബാദ്: കശ്മീർ ശാന്തമാണെന്നും പാകിസ്ഥാനും ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി. ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് ശേഷം ഏർപ്പെടുത്തിയ നിരോധനാജ്ഞ ഒരാഴ്ചയ്ക്കകം പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ എഴുപത് വർഷമായി ഭാരതീയർ കശ്മീരിൽ വിദേശികളെപ്പോലെ കഴിയുകയായിരുന്നു. ഇപ്പോൾ മാത്രമാണ് അവർക്ക് ഇന്ത്യൻ ഭരണഘടന അനുഭവവേദ്യമായിരിക്കുന്നത്. കശ്മീരിൽ പലയിടങ്ങളിലും നിരോധനാജ്ഞ റദ്ദാക്കിക്കഴിഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു.

എന്നാൽ കശ്മീരിനെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളും ദൗർഭാഗ്യവശാൽ അത് ഏറ്റെടുക്കുന്നു. ഇത് അവരുടെ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നും കിഷൻ റെഡ്ഡി ആരോപിക്കുന്നു.

പല സ്ഥലങ്ങളിലും ടെലിഫോൺ ബന്ധം പുന:സ്ഥാപിച്ചു കഴിഞ്ഞു. എല്ലായിടത്തും വാർത്താവിതരണം ഉടൻ പുന:സ്ഥാപിക്കും. ജമ്മു കശ്മീരിൽ നിലവിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നില്ല. ജനങ്ങൾ മുമ്പത്തേതിനേക്കാളും സന്തുഷ്ടരാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിശദീകരിച്ചു.

കശ്മീരിന്റെ സംസ്കാരം നിലനിർത്തിക്കൊണ്ട് തന്നെ അവിടെ വ്യാവസായിക വികസനം കൊണ്ടു വരുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles