ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. 82 വയസ്സായെങ്കിലും പ്രതിയുടെ പ്രായം പരിഗണിക്കുന്നില്ലെന്നും വധശിക്ഷ വിധിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
2022 മാര്‍ച്ച് 19-നായിരുന്നു നാടിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ഹമീദിന്റെ മകന്‍ അബ്ദുള്‍ ഫൈസല്‍(45), ഫൈസലിന്റെ ഭാര്യ ഷീബ, മക്കളായ മെഹര്‍(16), അഫ്‌സാന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തേ ഫൈസലിന് ഇഷ്ടദാനം നല്‍കിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് അതിദാരുണമായ കൂട്ടക്കൊലയില്‍ കലാശിച്ചത്. ഫൈസലും കുടുംബവും ഉറങ്ങുന്നതിനിടെയാണ് ഹമീദ് വീടിന് തീയിട്ടത്. രക്ഷാപ്രവർത്തനം തടസപ്പെടുത്താനായി വീടിന്‍റെ വാതിലുകളെല്ലാം അടക്കുകയും വാട്ടര്‍ടാങ്കിലെ വെള്ളം ഒഴുക്കിവിടുകയും പൈപ്പ് കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്ത ശേഷമാണ് പ്രതി വീടിന് തീകൊളുത്തിയത്. തീ ആളിക്കത്താനായി പെട്രോള്‍ നിറച്ച ഒട്ടേറെ കുപ്പികളാണ് പ്രതി വീട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞത്. കൊലയ്ക്ക് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

