Sunday, May 19, 2024
spot_img

‘സിബിഐ 5’ൽ ലൊക്കേഷനിൽ ജോയിൻ ചെയ്ത് സൗബിൻ: ചിത്രത്തിൽ വില്ലനാണോ എന്ന് ആരാധകർ

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ലുക്കില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ് ആരാധകര്‍.

സംവിധായകന്മാരായ എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ നടൻ സൗബിൻ ജോയിൻ ചെയ്തിരിക്കുകയാണ്.

നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് കെ മധുവാണ് ഇക്കാര്യം അറിയിച്ചത്. ”സൗബിൻ ഷാഹിർ സിബിഐ ടീമിൽ. എന്റെ സെറ്റിലേക്ക് എന്റെ പ്രിയപ്പെട്ട നടനെ/സംവിധായകനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്.” എന്നാണ് കെ മധു ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. വില്ലൻ ആയാണോ സൗബിൻ ചിത്രത്തിൽ എത്തുന്നതെന്നാണ് ഭൂ​രിഭാ​ഗം പേരും ചോദിക്കുന്നത്. മാത്രമല്ല കഴിഞ്ഞ ആഴ്ച കനിഹയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു.

നേരത്തെ സിബിഐ 5 ലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടി തന്നെയാണ് സേതുരാമയ്യരുടെ ആദ്യ ചിത്രം പങ്കുവച്ചത്. കൈ പിന്നിൽ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണുന്നത്.

അതേസമയം ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒരു ചിത്രത്തിന്‍റെ അഞ്ചാം ഭാഗമെന്ന സിനിമയിലെ അപൂര്‍വ്വതയുടെ സാക്ഷ്യമാണ് എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്.

പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നാണ് എസ് എന്‍ സ്വാമി പറഞ്ഞിരുന്നത്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാ​ഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Related Articles

Latest Articles