Saturday, September 19, 2026

ഒടുവിൽ അരികൊമ്പൻ വീണ്ടും കണ്മുന്നിൽ; വനം വകുപ്പിന്റെ പ്രത്യേകസംഘം കൊമ്പനെ ട്രാക്ക് ചെയ്തു

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കുന്നതിനായി കൊണ്ടുപോയ അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തനക്ഷമമായി. തുടർന്ന് കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടിതുടങ്ങി. നിലവിൽ പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊമ്പൻ നീങ്ങുന്നത് അതിർത്തിയിലെ വന മേഖലയിലൂടെയാണെന്നാണ് സൂചന.

മണിക്കൂറുകളായി VHF ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ശ്രമം തുടരുകയായിരുന്നു. ഇതിനൊടുവിലാണ് അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തനക്ഷമമാവുകയും സിഗ്നലുകൾ കിട്ടിത്തുടങ്ങുകയും ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. ആന തമിഴ്‌നാട്ടിലെ ജനവാസ മേഖലക്ക് സമീപമെത്തുമോ എന്ന ആശങ്കയും ഇന്നലെയുണ്ടായിരുന്നു.

അതേസമയം, അരികൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതോടെ സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ചക്കകൊമ്പനുണ്ടായിരുന്നു. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരിക്കൊമ്പനായിരുന്നു.

Related Articles

Latest Articles