Tuesday, January 13, 2026

ശ്രീനാരായണ ഗുരുവിന്റെ 95-ാം സമാധി ദിനാചരണത്തിനായി ഒരുങ്ങി ശിവഗിരി ; നവരാത്രി ആഘോഷം 26ന് തുടങ്ങും

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 95-ാം സമാധി ദിനാചരണത്തിനായി ഒരുങ്ങി ശിവഗിരി . ഗുരുസമാധി ദിനാചരണം വിവിധ പരിപാടികളോടെ ബുധനാഴ്ച ആരംഭിക്കും. പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം, ഏഴിന് പ്രഭാഷണം, 10-ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ഗുരുപ്രസാദ് ബോധാനന്ദസ്വാമി സ്മൃതി നിര്‍വഹിക്കും. സ്വാമി ഋതംഭരാനന്ദ, വി.ജോയി എംഎ‍ല്‍എ. തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് സ്വാമി സച്ചിദാനന്ദ സമാധിവര്‍ണന നിര്‍വഹിക്കും.

എന്നാൽ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തില്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ വരെ വിവിധ കലാപരിപാടികള്‍ നടത്തും. കലാപരിപാടികളുടെ അരങ്ങേറ്റത്തിനും മറ്റു പരിപാടികള്‍ വഴിപാടായി അവതരിപ്പിക്കുന്നതിനും കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അവസരം ലഭ്യമാക്കും.

രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് പരിപാടികള്‍. സന്ന്യാസിമാര്‍ നയിക്കുന്ന ജനനീനവരത്നമഞ്ജരി പഠനക്ലാസും ഉണ്ടാകും. ശാരദാമഠത്തില്‍ ശാരദാപൂജയും വിശേഷാല്‍ ശാരദാപൂജയും നടക്കും. പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗകര്യപ്രദമായ ദിവസം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നവരാത്രി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.

Related Articles

Latest Articles