Wednesday, May 1, 2024
spot_img

മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യ ഓർമയായിട്ട് ഇന്ന് 16 വർഷം; സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും തങ്ങി നിൽക്കുന്ന പ്രതിഭയാണ് ശ്രീവിദ്യ

മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യ ഓർമയായിട്ട് ഇന്ന് 16 വർഷം. മലയാള സിനിമയുടെ ഐശ്വര്യം തന്നെയായിരുന്നു നടി ശ്രീവിദ്യ.

മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും തങ്ങി നിൽക്കുന്ന പ്രതിഭയാണ് ശ്രീവിദ്യ . 1953 ജൂലൈ 24 ന് സംഗീതജ്ഞയായ എം. എൽ വസന്തകുമാരിയുടെയും ആർ. കൃഷ്ണമൂർത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത് നൃത്തത്തിലാണ്.

പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.1969 ൽ പുറത്തിറങ്ങിയ ‘ചട്ടമ്പികവല’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായി ശ്രീവിദ്യ മലയാളചലച്ചിത്ര മേഖലയിൽ പ്രവേശിച്ചു . പിന്നീടങ്ങോട്ട് മലയാളസിനിമയിലെ മിന്നും താരമായി ശ്രീവിദ്യ മാറി.

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ചു. ‘സൊല്ലത്താൻ നിനിക്കിറേനും’ ‘അപൂർവ രാഗങ്ങളും’ ഹിറ്റായതോടെ തമിസകാത്തിന്റെ പ്രിയ നായികയായി ശ്രീവിദ്യ മാറി . ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികൾ, പഞ്ചവടിപ്പാലം തുടങ്ങി ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് സ്വന്തമായി ഒരു കയ്യൊപ്പ് പതിപ്പിക്കാൻ ശ്രീവിദ്യയ്ക്ക് കഴിഞ്ഞു .

1979 ൽ ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. 1983-ൽ ‘രചന’, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്കാരങ്ങളെത്തി.

എന്നാൽ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും പരാജയപ്പെട്ടു . ഒടുവിൽ 2006 ഒക്ടോബർ 19ന്, 53-ാം വയസില്‍ കാൻസറിന്റെ രൂപത്തിൽ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു.

Related Articles

Latest Articles