Sunday, May 5, 2024
spot_img

രാജിവെക്കില്ലെന്ന് ഉറച്ച് പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ്! മരുന്നു ക്ഷാമത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടമാരും വിദ്യാര്‍ഥികളും തെരുവില്‍

കൊളംബോ: ശ്രീലങ്കൻ തെരുവുകളിൽ സാമ്പത്തിക ഭരണ പ്രതിസന്ധിയ്ക്ക് ഉത്തരവാദിയായ പ്രസിഡന്റ് ഗോദാഭായ രജപക്സെക്കെതിരായ പ്രക്ഷോഭം ലങ്കന്‍ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രസിഡന്റ്. അതിനിടെ, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഐഎംഎഫില്‍ നിന്ന് വായ്പയെടുക്കാനുള്ള ശ്രമങ്ങളും പ്രസിഡന്റ് ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഐഎംഎഫുമായി ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ ഉപദേശക സമിതി രൂപീകരിക്കുകയും ചെയ്തു.

കടങ്ങള്‍ പുനഃസംഘടിപ്പിക്കാനും ഗോദാഭയ ശ്രമം തുടങ്ങി. ഇതിനുംഒരു സമിതി രൂപീകരിച്ചു. ലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ അധ്യക്ഷന്‍ ഡോ. ഇന്ദ്രജിത്ത് കുമാരസ്വാമി, ലോകബാങ്ക് മുന്‍ ചീഫ് എക്കണോമിസ്റ്റ് പ്രൊഫ. ശാന്താ ദേവരാജന്‍, ഐഎംഎഫ് മുന്‍ ഡയറക്ടര്‍ ഡോ. ശര്‍മ്മിണി കൂറെ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.

ജൂലൈയില്‍ കാലാവധി കഴിയുന്ന ഒരു ബില്ല്യണ്‍ ഡോളറിന്റെ കട ബാധ്യതാ സെക്യൂരിറ്റി (സോവറിന്‍ ബോണ്ട്) പുനഃസംഘടിപ്പിക്കണമെന്നും കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നും എങ്കിലേ പ്രതിസന്ധിയില്‍ നിന്ന് ക്രമേണ പുറത്തുകടക്കാന്‍ കഴിയൂയെന്നും ഒരു ദിവസം മാത്രം ധനമന്ത്രി പദത്തിലിരുന്ന് രാജിവയ്‌ക്കേണ്ടി വന്ന അലി സാബ്രി വ്യക്തമാക്കി.

അതിനിടെ, ഇന്ന് ലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അടിയന്തര യോഗം ചേര്‍ന്ന് വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കും. 18.7 ശതമാനമായ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ 300 മുതല്‍ 400 പോയന്റുകള്‍ വരെ ഉയര്‍ത്തിയേക്കും. അലി സാബ്രിക്കു പകരം ധനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗോദാഭയ.

പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കടക്കമുള്ള മരുന്നുകള്‍ ലങ്കയില്‍ കിട്ടാനില്ലാതായി. മിക്ക അവശ്യമരുന്നുകളുടെയും അവസ്ഥയിതാണ്. മരുന്നു ക്ഷാമത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടമാരും മെഡിക്കല്‍ വിദ്യാര്‍ഥികളും തെരുവില്‍ പ്രകടനങ്ങളും സമരങ്ങളും തുടങ്ങി. പലയിടങ്ങളിലും ബാരിക്കേഡുകളും വേലിക്കെട്ടുകളും തകര്‍ത്താണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. തങ്ങളുടെ പൗരന്മാര്‍ ലങ്കയില്‍ വിനോദസഞ്ചാരത്തിനോ മറ്റാവശ്യങ്ങള്‍ക്കോ പോകുന്നതും അമേരിക്ക വിലക്കിയിരിക്കുകയാണ്.

അതേസമയം, ഇന്നലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഇതുസംബന്ധിച്ച് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ ദുര്‍ബലമാകുകയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുകയും ചെയ്യന്നതിനിടെയാണ് തീരുമാനം. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പുറത്തിറക്കിയത്. വാറന്റില്ലാതെ അറസ്റ്റിനും സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിയന്ത്രിക്കാനും ശ്രീലങ്കയില്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസിനും പട്ടാളത്തിനും അനുമതി ഉണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ജനപ്രതിനിധികളില്‍ നിന്നടക്കം ഗോതാബയക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി. പിന്നാലെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചിരിക്കുന്നത്.

Related Articles

Latest Articles