Friday, May 3, 2024
spot_img

കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്നെന്ന കേസ്; ‘മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല’; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയിലേക്ക്

കൊച്ചി: കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്നെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. താൻ മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമാണ് ഹര്‍ജിയിലെ വാദം.

അതേസമയം കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വിശദീകരണം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു.

Related Articles

Latest Articles