Monday, April 29, 2024
spot_img

പിണറായി സർക്കാർ മനുഷ്യ ജീവന് നൽകുന്നത് പുല്ല് വില; നിഹാലിന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാർ; ഗുരുതരാരോപണങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നു വയസുകാരൻ നിഹാൽ നൗഷാദ് ദാരുണമായി കൊല്ലപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല.

“പിണറായി സർക്കാർ മനുഷ്യ ജീവന് പുല്ല് വിലയാണ് നല്‍കുന്നത്. സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെയും പോക്കറ്റ് നിറയ്ക്കുന്ന പദ്ധതികളിൽ മാത്രമാണ് സർക്കാരിന് താത്‌പര്യം.സർക്കാർ അനാസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് നിഹാൽ. കുട്ടിയുടെ മരണത്തിൽ സംസ്ഥാന സർക്കാരാണ് യഥാർത്ഥ പ്രതി. സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ ആക്രമണങ്ങൾ സംബന്ധിച്ച് നിരവധി സംഭവങ്ങൾ പുറത്തു വന്നിട്ടും, നായ്‌ക്കളുടെ ആക്രമണങ്ങൾ തടയുന്നതിനായി സർക്കാർ ഒരടി മുന്നോട്ട് പോയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് നൽകിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സർക്കാർ, നിയമസഭയിലും പുറത്തും നൽകിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. ഗുണനിലവാരമില്ലാത്ത വാക്‌സിൻ വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ പോലും നടപടി എടുക്കാത്ത സർക്കാർ, പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പടെ തെരുവുനായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുകയാണ്’’–രമേശ് ചെന്നിത്തല പറഞ്ഞു

ഇന്നലെയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓട്ടിസമുള്ള നിഹാലിന് സംസാരശേഷി കുറവായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ തെരുവ് നായകൾ ഓടിയപ്പോൾ കുട്ടി ഭയപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും തുടർന്ന് നായകൾ ആക്രമിച്ചതാകാമെന്നുമാണ് കരുതുന്നത്.

Related Articles

Latest Articles