Friday, May 3, 2024
spot_img

തെരുവ് നായ ശല്യം രൂക്ഷം; മൃഗസംരക്ഷണ വകുപ്പ് ചേരുന്ന യോഗം ഇന്ന്, വയനാട്,മലപ്പുറം ജില്ലകളിലും യോഗം

തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കേണ്ടത്. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ആണ് യോഗം ചേരുക.

അതേസമയം, വയനാടും ഇന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ചേരും. തെരുവുനായ ശല്യം ജില്ലയിലും കൂടുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. എബിസി പദ്ധതി വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചും ഗ്രാമ, ബ്ലോക്ക്, നഗരസഭകളുടെ ഏകോപനവും ചർച്ച ചെയ്യും. യോഗത്തിൽ ജില്ല കളക്ടർ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി മലപ്പുറത്തും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും കലക്ടറും യോഗം ചേരുന്നുണ്ട്. 15 ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റുമാരും മുനിസിപ്പൽ ചെയർമാൻമാരും സെക്രട്ടറിമാരും മൃഗസംരക്ഷണ വകുപ്പ് ഓഫീസറും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ തെരുവുനായയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടം, അതിനായുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ എവിടെ കണ്ടെത്തും എന്നത് പ്രധാന ചർച്ചയാകും.

Related Articles

Latest Articles