Saturday, May 4, 2024
spot_img

മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് വെജിറ്റേറിയൻ വിളമ്പുമെന്ന് ഭയം; പോകുന്നിടത്തെല്ലാം ഭക്ഷണം കരുതുമെന്ന് എഴുത്തുകാരി സുധ മൂർത്തി; പോകുന്നിടത്തെല്ലാം സ്വന്തം വീടിനെയും ചുമന്നാണോ പോകുന്നതെന്ന് സോഷ്യൽ മീഡിയ; അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസ് ; വാദപ്രതിവാദങ്ങളിൽ ട്വിറ്ററിൽ വടംവലി

ബംഗളുരു: പ്രശസ്ത ഇന്ത്യൻ എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയുമായ സുധ മൂർത്തിയുടെ ലളിതമായ ജീവിതശൈലി അവരുടെ എഴുത്തിലെ ശൈലി പോലെ തന്നെ ഏറെ പ്രശസ്തമാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിലൂടെ അവർ കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട് . ഭക്ഷണങ്ങളിലെ തന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സുധാ മൂർത്തി നടത്തിയ അഭിപ്രായപ്രകടനം ട്വിറ്ററിൽ ഇപ്പോൾ വലിയ ചർച്ചയ്ക്ക് തന്നെ കളമൊരുക്കിയിരിക്കുകയാണ്.

താൻ ശുദ്ധസസ്യാഹാരിയാണെന്നും പോകുന്നിടത്തെല്ലാം തന്റെ അമ്മുമ്മയുടെ ഉപദേശ പ്രകാരം ഭക്ഷണം കരുതുമെന്നുമാണ് സുധാ മൂർത്തി അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന സ്പൂണുകൾ ചിലപ്പോൾ മാംസാഹാരം കഴിക്കുന്നവരും ഉപയോഗിക്കുന്നതാകുമെന്ന ആശങ്കയും അവർ അന്ന് പങ്കുവച്ചു.

“ഭക്ഷണത്തിലല്ല, ജോലിയിലാണ് ഞാൻ സാഹസികത കാണിക്കുന്നത്. സത്യത്തിൽ എനിക്ക് പേടിയാണ്. ഞാനൊരു ശുദ്ധ സസ്യാഹാരിയാണ്. മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കാറില്ല. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ഒരേ സ്പൂൺ ഉപയോഗിക്കുമെന്നതാണ് എനിക്ക് പേടി. അത് എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു. അത് എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അതുകൊണ്ട് ഞങ്ങൾ പുറത്തുപോകുമ്പോൾ വെജ് റസ്റ്റോറന്റുകൾ മാത്രമേ തിരയാറുള്ളൂ. അല്ലെങ്കിൽ, ഒരു ബാഗ് നിറയെ റെഡി ടു ഈറ്റ് സാധനങ്ങൾ കൊണ്ടുപോകും, ലോകത്ത് എവിടെ പോയാലും 25-30 ചപ്പാത്തിയും ഒരു ചെറിയ കുക്കറും കൊണ്ടുപോകും. പുറത്തുനിന്നുള്ള ആഹാരം കഴിക്കരുതെന്ന മുത്തശ്ശിയുടെ ശീലമാണ് ഞാനിപ്പോൾ പിന്തുടരുന്നത്” – സുധാ മൂർത്തി പറഞ്ഞു

സുധാ മൂർത്തിയുടെ വാക്കുകൾ ട്വിറ്ററിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എഴുത്തുകാരിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പറഞ്ഞത് നല്ലതാണെന്ന അഭിപ്രായവുമായി വെജിറ്റേറിയൻ അനുകൂലികളും രംഗത്തെത്തി. യാത്രകളിൽ വീട്ടിൽനിന്നുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ടുപോയി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് വെജിറ്റേറിയൻ അനുകൂലികൾ വാദിക്കുന്നത്.

വിദേശ യാത്രകളിൽ സുധാമൂർത്തി തന്റെ കൂടെ മുഴുവൻ വീട്ടു സാധനങ്ങളും കൊണ്ടുപോകാറുണ്ട് എന്നാണ് ചിലർ പരിഹസിക്കുന്നത്. ഹോട്ടൽ മുറി മറ്റൊരാൾ ഉപയോഗിച്ചതിനാൽ സ്വന്തം വീട് തന്നെ ഇവർ യാത്രകളിൽ കൊണ്ടുപോകും എന്ന രസകരമായ കമന്റാണ് ചിലരുടെ ഭാഗത്തു നിന്നുണ്ടായത്. ചിലർ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സുധാമൂർത്തിയുടെ മരുമകനുമായ ഋഷി സുനക്ക് മാംസാഹാരം കഴിക്കുന്ന ചിത്രം പങ്കിട്ടു. എന്തായാലും സമൂഹ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളൊന്നും സുധാമൂർത്തിയുടെ ശീലങ്ങളും പതിവുകളും മാറ്റുന്നതിന് പര്യാപ്തമാവില്ല എന്നാണ് എഴുത്തുകാരിയുടെ ആരാധകർ പറയുന്നത്

Related Articles

Latest Articles