Sunday, May 26, 2024
spot_img

പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നുള്ള ഭിന്നശേഷിക്കാരന്റെ ആത്മഹത്യ! സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : വികലാംഗ പെൻഷൻ മുടങ്ങിയതിനെത്തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ട്. കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് പാപ്പച്ചൻ എന്ന ജോസഫാണ് ജീവനൊടുക്കിയത്.

ഇന്നലെ ഉച്ചയോടെ അയൽവാസികളാണ് ജോസഫിനെ വീട്ടുവരാന്തയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജോസഫിന്റെ മൂന്ന് പെൺമക്കളിൽ ഒരാളായ ജിൻസിയും ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമാണ്. കുടുംബം നിത്യ ചെലവിന് ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
വികലാംഗ പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ജോസഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതർക്ക് രേഖാപൂർവം പരാതി നൽകിയിരുന്നു. തനിക്കും മകൾ ജിൻസിക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒമ്പതിനാണ് പരാതി നൽകിയത്. ജോസഫിന്റെ ഭാര്യ ഒരു വർഷം മുമ്പ് മരിച്ചിരുന്നു.

15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, പെരുവണ്ണാമൂഴി പൊലീസ് എന്നിവർക്കും ജോസഫ് നിവേദനം നൽകിയതായും അറിയുന്നു. എന്നാൽ മരണകാരണം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറയുന്നത് ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്.

Related Articles

Latest Articles