വഖഫ് ബോർഡ് പുനഃസംഘടനയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം സമസ്തയ്ക്കുള്ളിലും പുതിയ തർക്കങ്ങൾക്ക് വഴിയൊരുക്കുകയാണ്. വഖഫ് വിഷയത്തിൽ തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചെന്നാരോപിച്ച് ഉമ്മർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന ശക്തമായ ആവശ്യവുമായി സുന്നി നേതാക്കൾ രംഗത്തെത്തി. സമസ്തയുടെ പദവികൾ ഭൗതികവും രാഷ്ട്രീയവുമായ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്ന ഗുരുതര വിമർശനവും സംയുക്ത പ്രസ്താവനയിൽ ഉയരുന്നുണ്ട്.
കാരണം വഖഫ് ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ കോടതിയിൽ ആർഎസ്എസ് പ്രവർത്തകരെ നിയമിക്കാമെന്ന് പറഞ്ഞുവെന്ന തരത്തിൽ സിപിഎം വേദിയിൽ ഉമ്മർ ഫൈസി നടത്തിയ പ്രസ്താവനയാണ് പ്രധാനമായും വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ സമസ്തയുടെ പ്രതിച്ഛായയെ ബാധിക്കുകയും സംഘടനയെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുവെന്നാണ് സുന്നി നേതാക്കളുടെ ആരോപണം. സാദിഖലി തങ്ങളെ ലക്ഷ്യമിട്ടുള്ള ഉമ്മർ ഫൈസിയുടെ തുടർച്ചയായ പരാമർശങ്ങളും സംഘടനയ്ക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കുന്നതായാണ് വിമർശനം.
അതേസമയം, സ്വയം ‘സഖാവ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഉമ്മർ ഫൈസിയുടെ പ്രസംഗത്തെയും നേതാക്കൾ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പ്രസംഗം അപക്വവും അരോചകവുമാണെന്നും സമസ്തയുടെ പദവികളെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നുമാണ് സംയുക്ത പ്രസ്താവനയിലെ നിലപാട്. എന്തായാലും വഖഫ് വിഷയത്തിലെ രാഷ്ട്രീയ നിലപാടുകൾക്കപ്പുറം, സംഘടനാ അച്ചടക്കം, നേതൃത്വത്തോടുള്ള സമീപനം, സമസ്തയുടെ രാഷ്ട്രീയ ഇടപെടൽ എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചയിലേക്കാണ് ഇപ്പോഴത്തെ വിവാദം നീങ്ങുന്നത്.

