Monday, May 6, 2024
spot_img

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉരുക്കു കോട്ടയിൽ തെരഞ്ഞെടുപ്പിന് മുന്നേ ഗുജറാത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം; സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പണികൊടുത്തത് സ്വന്തം സഹോദരി ഭർത്താവടക്കമുള്ള വിശ്വസ്തർ; ചരിത്ര വിജയം പിറന്നത് ഇങ്ങനെ

സൂറത്ത്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തോടെ തുടങ്ങി. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഇന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംഭാണിയുടെ പത്രിക സൂക്ഷ്‌മ പരിശോധനാ ദിവസമായ ഇന്നലെ തള്ളിയിരുന്നു. പിന്നാലെ സ്വതന്ത്രർ അടക്കം മറ്റ് ഏഴ് സ്ഥാനാർത്ഥികളും പത്രിക പിൻവലിച്ചിരുന്നു. ഇതോടെയാണ് ബിജെപി സ്ഥാനാർത്ഥി മുകേഷ് ചന്ദ്രകാന്ത് ദലാളിനെ വിജയിയായി പ്രഖ്യാപിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്തിരുന്നവരെല്ലാം റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ ഹാജരായി നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിക്കുകയായിരുന്നു. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്‌തിരുന്നവരും ഇത്തരത്തിൽ പിന്തുണ പിൻവലിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരി ഭർത്താവടക്കമുള്ള വിശ്വസ്തരാണ് നാമനിർദ്ദേശ പത്രികയിലെ ഒപ്പ് വ്യാജമെന്ന് അറിയിച്ച് രംഗത്ത് വന്നത്. തുടർന്ന് ബിജെപി സ്ഥാനാർത്ഥി ഒഴികെ മറ്റെല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു.

ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പാർട്ടിയുടെ ഉരുക്ക് കോട്ടയാണ്. 1989 മുതൽ തുടർച്ചയായി 9 തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്നത് ബിജെപി സ്ഥാനാർത്ഥികളാണ്. കോൺഗ്രസ് ഇവിടെ ഏറ്റവും അവസാനം വിജയിച്ചത് 1984 ലാണ്. 2019 ൽ ബിജെപി സ്ഥാനാർത്ഥി 74 % വോട്ട് നേടി വിജയിച്ച മണ്ഡലമാണ്. 2014 ൽ 76% വോട്ട് നേടിയിരുന്നു. പാർട്ടിയുടെ ഈ ഉരുക്ക് കോട്ടയിലാണ് ഇത്തവണ മുകേഷ് ദലാൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു തവണയും ബിജെപിയുടെ ദർശന വിക്രം ജർദോഷ് ആയിരുന്നു വിജയി. ഏപ്രിൽ 22 നാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

Related Articles

Latest Articles