Friday, October 16, 2026

പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് മൂന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി

മുബൈ: പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.

ആദ്യകാലത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടര്‍ന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സുരേഖ വേഷമിട്ടിട്ടുണ്ട്.

പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. 1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടി. മാത്രമല്ല ബാലികാവധു എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ല്‍ മികച്ച പ്രതിനായിക, 2011-ല്‍ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യന്‍ ടെലി അവാര്‍ഡുകളും സുരേഖ സ്വന്തമാക്കി.

ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. കൂടാതെ അസോച്ചം ലേഡീസ് ലീഗിന്‍റെ മുംബൈ വുമണ്‍ ഓഫ് ദ ഡെക്കേഡ് ആര്‍ക്കൈവേഴ്സ് അവാര്‍ഡും നേടിയിരുന്നു.

സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം.

പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭര്‍ത്താവ്. പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരിയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles