Friday, May 17, 2024
spot_img

ഒറ്റയാൾ പോരാട്ടത്തിന് പിന്തുണ; ക്ഷേമപെൻഷനുകൾ മുടങ്ങുന്നതിനെതിരെ സമരരംഗത്തിറങ്ങി സിപിഎമ്മിനേയും ദേശാഭിമാനിയെയും മുട്ടുകുത്തിച്ച മറിയക്കുട്ടിയെ സന്ദർശിച്ച് സുരേഷ്‌ഗോപി; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഇനി എം പി പെൻഷനിൽ നിന്ന് 1600 രൂപ

ഇടുക്കി: ക്ഷേമ പെൻഷനുകൾ മുടങ്ങുന്നതിനെതിരെ സമരരംഗത്തിറങ്ങി സിപിഎമ്മിനേയും ദേശാഭിമാനിയെയും മുട്ടുകുത്തിച്ച ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിയെ സന്ദർശിച്ച് സുരേഷ്‌ഗോപി. ഇന്ന് രാവിലെയാണ് മറിയക്കുട്ടിയുടെ വീട്ടിൽ സുരേഷ്‌ഗോപി എത്തിയത്. മറിയക്കുട്ടിയുടെ ഒറ്റയാൾ പോരാട്ടത്തിന് പിന്തുണ നൽകാനാണ് സന്ദർശനം. ക്ഷേമപെൻഷനുകൾ നൽകാനായാണ് സർക്കാർ പെട്രോളിന് രണ്ട് രൂപ സെസ്സ് ഏർപ്പെടുത്തിയത്. എന്നാൽ ആ പണം വെള്ളത്തിൽ വരച്ച വരയായെന്നും ഈ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി സെസ്സ് നൽകണോ എന്ന് ജനം തീരുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിലൂടെ സർക്കാരിനെ തുറന്നുകാട്ടിയ മറിയക്കുട്ടിക്കും അന്നക്കുട്ടിയ്ക്കും തന്റെ എം പി പെൻഷനിൽ നിന്നും എല്ലാ മാസവും 1600 രൂപ വീതം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേമപെൻഷനുകൾ മുടങ്ങി ജീവിതം വഴിമുട്ടിയതോടെ യാചനാ സമരത്തിനിറങ്ങി സർക്കാരിനെ തുറന്നുകാട്ടിയാണ് മറിയക്കുട്ടി ശ്രദ്ധ നേടിയത്. തുടർന്ന് സിപിഎം സമൂഹമദ്ധ്യമ ഹാൻഡിലുകൾ മറിയക്കുട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുകയും വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മറിയക്കുട്ടിക്ക് രണ്ട് വീടുകളുണ്ടെന്നും കോടികളുടെ ആസ്തിയുണ്ടെന്നുമായിരുന്നു പ്രചാരണം. ഈ വ്യാജ പ്രചാരണം പാർട്ടി മുഖപത്രത്തിലും വന്നതോടെ മറിയക്കുട്ടി ശക്തമായി പ്രതികരിച്ചിരുന്നു. ഒടുവിൽ അവർ മാനനഷ്ടക്കേസ് നൽകാനൊരുങ്ങിയപ്പോൾ പാർട്ടി പത്രം തിരുത്ത് നൽകി മാപ്പുപറഞ്ഞിരുന്നു. എന്നാൽ മാപ്പ് അംഗീകരിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മറിയക്കുട്ടി നിലപാടെടുത്തിരുന്നു.

Related Articles

Latest Articles