പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹായോഗിയായിരുന്ന സ്വാമി ദയാനന്ദ സരസ്വതിയുടെ 198-ാം ജന്മദിനമാണ് (Maharshi Dayanand Saraswati Birth Anniversary)ഇന്ന്. ഈ നാമം നമ്മുടെ കാതുകളില്‍ പതിക്കുമ്പോള്‍ ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന സിംഹ ഗര്‍ജ്ജനമാണ് നാം ആദ്യം ഓര്‍ക്കുക. ഈ അടിസ്ഥാന തത്ത്വത്തില്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ആദര്‍ശ പ്രക്രിയകള്‍ ഭാരത നവോത്ഥാനത്തിന് നാന്ദികുറിച്ചു. കാറല്‍ മാര്‍ക്‌സ്, മാര്‍ക്‌സ് പ്ലാങ്ക്, ഡാര്‍വിന്‍, ജെ.ജെ.തോംസണ്‍ തുടങ്ങിയ മഹാരഥികളാല്‍ യൂറോപ്യന്‍ തത്ത്വചിന്താമണ്ഡലം പ്രകമ്പനം കൊള്ളുമ്പോള്‍ ഇങ്ങ് കിഴക്ക് ഭാരത ചിന്താപദ്ധതിയെ അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുചെല്ലാന്‍ ദയാനന്ദ സരസ്വതിക്ക് സാധിച്ചു. ആധുനിക ഹിന്ദുസമുദായ ഉദ്ധാരകനായും സാമൂഹ്യ പരിഷ്‌കർത്താവുമായിട്ടാണ് അദ്ദേഹത്തെ ആദരിക്കുന്നത്.

ഗുജറാത്തിലെ കത്തിയാവാറിലെ മോർബി ഗ്രാമത്തിൽ 1824 ഫെബ്രുവരി 12നാണ് ദയാനന്ദ സരസ്വതി ജനിച്ചത്. ബാല്യത്തിൽ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ വിഗ്രഹാരാധനയെക്കുറിച്ച് നിരവധി സംശയങ്ങളാണ് മുളപൊട്ടിയത്. പ്രപഞ്ച ശക്തിയുടേയും പരബ്രഹ്മതത്വത്തേയും അടുത്തറിയാനായിരുന്നു പിന്നീടുള്ള ശ്രമം. വീട് ഉപേക്ഷിച്ച് അദ്ദേഹം ബ്രഹ്മചര്യം സ്വീകരിക്കുകയും വർഷങ്ങളോളം യോഗസാധനയും ശാസ്ത്രാധ്യയനവും നടത്തുകയും ചെയ്തു. ശങ്കരാചാര്യർ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ദയാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചു. വേദാധ്യയനം നടത്തുന്നതിന് വ്യാകരണപഠനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വാമി വിരജാനന്ദനിൽ നിന്ന് വ്യാകരണം പഠിക്കാനാരംഭിച്ചു.
പിന്നീട് തന്റെ ഗുരുവായ വിരജാനന്ദസ്വാമികളുടെ ആജ്ഞാനുസരണം അദ്ദേഹം വേദങ്ങളിലെ ശുദ്ധജ്ഞാന പ്രചരണങ്ങളിൽ മുഴുകി. ഹിന്ദുധർമ-സനാതനധർമ രീതികളിലെ പരിഷ്‌കരണത്തിലൂടെ വിഗ്രഹാരാധനയുടെ അന്ത:സത്തയെ ശരിയായി ജനങ്ങളിലേക്ക് എത്തിക്കാൻ ദയാനന്ദ സരസ്വതി പരിശ്രമിച്ചു. രാഷ്‌ട്രം, മതം, ഏകതാബോധം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് അഭിപ്രായം പറയുക വിഷമമായിരുന്ന കാലഘട്ടത്തിൽ മഹർഷി ദയാനന്ദൻ രാഷട്ര സങ്കല്പമെന്തെന്നും അത് സാമാന്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും സ്വന്തം ജീവിതംകൊണ്ടാണ് കാണിച്ചുതന്നത്. യുഗാബ്ദം 4984 ൽ (1883) അജ്മീറിൽ വച്ച് ദീപാവലി നാളിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
വൈകാരികമോ, ഉപരിപ്ലവമായോ അല്ലാതെ, ചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, സത്യത്തെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജീവിതവും ദര്‍ശനവും അവര്‍ക്ക് ഒട്ടേറെ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ഒരു വിശേഷ അധ്യായംതന്നെയാണ്. വേദങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മഹര്‍ഷി ജാതീയതയ്ക്ക് എതിരായി പോരാടുവാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. അതിനായി അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തി. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ഒരാള്‍ കേരളത്തിലും എത്തി. ആ ശിഷ്യനെ അറിയുന്നവര്‍ പക്ഷേ ചുരുങ്ങും. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ, പില്‍ക്കാലത്ത് ഒരു മുസ്ലീം തീവ്രവാദിയാല്‍ കൊലചെയ്യപ്പെട്ടു, അങ്ങനെ മതപരിവര്‍ത്തനത്തിന്റെതന്നെ രക്തസാക്ഷിയായ ശ്രദ്ധാനന്ദസ്വാമികളായിരുന്നു അത്. വിധവാവിവാഹം, ശൈശവവിവാഹനിരോധനം, സ്ത്രീവിദ്യാഭ്യാസം, ഗോസംരക്ഷണം തുടങ്ങി ബഹുവിധങ്ങളായ സാമൂഹികവിഷയങ്ങളില്‍ മഹര്‍ഷിയുടെ പ്രാമാണികശബ്ദമുയര്‍ന്നു. ലോകം കണ്ട മഹാന്‍മാരായ ദാര്‍ശനികരില്‍ ഒരാളാണ് മഹര്‍ഷി ദയാനന്ദസരസ്വതി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരമപ്രമാണങ്ങളായ വേദങ്ങളില്‍നിന്ന് അടര്‍ത്തി എടുത്തിട്ടുള്ളതാകയാല്‍ നിത്യനൂതനമാണ്.

