Monday, October 26, 2026

സിഡ്‌നി വിമാനം മിന്നലിൽ കുടുങ്ങി;​കനത്ത ശബ്ദത്തോടെ എൻജിനിൽ തീപ്പൊരി;​കൊളംബോയിൽ അടിയന്തര ലാൻഡിങ്‌

​കൊളംബോ: ശ്രീലങ്കയിൽനിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് 207 യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന് യാത്രാമധ്യേ മിന്നലേറ്റു. കനത്ത മിന്നലിൽ വിമാനത്തിന്റെ എൻജിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി കൊളംബോയിലെ ബണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കി.

വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും 16 ജീവനക്കാരും പൂർണ സുരക്ഷിതരാണ്.
​വിമാനം കൊളംബോയിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം വിമാനത്തിനുള്ളിൽ വലിയ ശബ്ദം കേൾക്കുകയും ഒരു എൻജിനിൽനിന്ന് തീപ്പൊരികൾ ഉയരുകയും ചെയ്തതായി ശ്രീലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പറന്നുയരുമ്പോഴും പിന്നീട് തിരികെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും എൻജിനിൽനിന്ന് തീപ്പൊരികൾ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
​മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ എൻജിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചതായി പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സിഡ്നിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വിമാനം അടിയന്തരമായി കൊളംബോയിലേക്ക് തന്നെ തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിച്ചത്.

സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചു. സുരക്ഷിതമായി താഴെയിറക്കിയ വിമാനത്തിലെ യാത്രക്കാരെ പിന്നീട് മറ്റ് വിമാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles