Thursday, October 1, 2026

‘കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം സ്ഥലം വിട്ടോ’; ലെബനനിലെ അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാർക്ക് നിർദ്ദേശം

ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്ന് അമേരിക്കയും യുകെയും പൗരന്മാർക്ക് നിർദ്ദേശം നൽകി.

എയർലൈനുകൾ പലതും ലെബനനിൽ സർവീസ് നിർത്തിവക്കുകയും സേവനങ്ങൾ റദ്ദാക്കുകയും ചെയ്തുവെങ്കിലും ചിലത് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ കിട്ടുന്ന ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്ന് ബെയ്റൂട്ടിലെ യുഎസ് എംബസി അമേരിക്കൻ പൗരന്മാരോട് അറിയിച്ചു. സമാനരീതിയിൽ തന്നെയാണ് ബ്രിട്ടീഷ് ജനതയ്‌ക്ക് യുകെ സർക്കാർ നിർ​ദ്ദേശം നൽകിയിരിക്കുന്നത്. ലെബനനിൽ സംഘർഷ സാധ്യത കൂടുതലാണെന്നും ഏതുനിമിഷവും സ്ഥിതി​ഗതികൾ വഷളാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പ്രതികരിച്ചു.

യുഎസും യുകെയും കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിയുന്നത്ര വേ​ഗം ലെബനൻ വിടണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധമാണ് ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലെത്തി നിൽക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെയും ഹമാസ് നേതാവ് ഇസ്മയിൽ ഹനിയേയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർ‌ഷ സാധ്യത വർദ്ധിച്ചത്.

Related Articles

Latest Articles