Monday, April 29, 2024
spot_img

സർവ്വകലാശാലകളിൽ ഇനി പെൺകുട്ടികൾക്ക് പ്രവേശനം നൽകേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി; അഫ്‌ഗാനിസ്ഥാനിൽ സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിന്നും പെൺകുട്ടികളെ വിലക്കുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കാൻ താലിബാൻ ഭരണകൂടം; തീരുമാനത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ

കാബൂള്‍: സർവ്വകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ – സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്‌ഗാൻ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിച്ചു. പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി സർക്കാർ തീരുമാനം സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്‌ഗാനിൽ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഘട്ടം ഘട്ടമായി നിരോധിച്ച് അവർക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകാനുള്ള ശ്രമത്തിലാണ് താലിബാൻ ഭരണകൂടം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അദ്ധ്യാപകരോ മുതിര്‍ന്ന പുരുഷ അദ്ധ്യാപകരോ മാത്രമെ പഠിപ്പിക്കാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സര്‍വകലാശാല വിദ്യാഭ്യാസത്തിനുതന്നെ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

സർവ്വകലാശാലകളിൽ നിന്നും പെൺകുട്ടികളെ വിലക്കിയതിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. തീരുമാനത്തെ യുഎസും ബ്രിട്ടനും അപലപിച്ചു. ഇത്തരത്തിലുള്ള നടപടി ലോകരാഷ്ട്രങ്ങള്‍ക്കിയില്‍ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യുഎന്‍ അംബാസഡര്‍ റോബര്‍ട്ട് വുഡ് പറഞ്ഞു. മിക്കവാറും ജോലികളിലും സ്ത്രീകൾക്കു വിലക്കുണ്ട്. അഫ്‌ഗാനിലെ പാർക്കുകളിലും ജിംനേഷ്യങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമില്ല.

Related Articles

Latest Articles