Sunday, May 19, 2024
spot_img

താലിബാൻ ഭരണത്തിൽ “മൂല്യശോഷണം” തടയാൻ പ്രത്യേക വകുപ്പ്… “മോഷണത്തിന് കൈവെട്ടും, അവിഹിതത്തിന് കല്ലെറിഞ്ഞു കൊല്ലും”

കാബൂൾ: താലിബാൻ ഭരണത്തിൽ “മൂല്യശോഷണം” തടയാൻ പ്രത്യേക വകുപ്പ്. ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ഞങ്ങൾ തെറ്റുകൾക്ക് ശിക്ഷ വിധിക്കും എന്നാണ് താലിബാൻ വക്താവ് മുഹമ്മദ് യൂസഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇതുപ്രകാരം മോഷണം നടത്തിയാൽ കൈ വെട്ടും, ഒരാളെ നിങ്ങൾ മനഃപൂർവം കൊലപ്പെടുത്തുകയാണെങ്കിൽ നിങ്ങളെയും വധിക്കും. അതോടൊപ്പം അവിഹിതബന്ധത്തിലേർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലും എന്നാണ് മുഹമ്മദ് പറയുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർ ഇസ്ലാം മത നിയമപ്രകാരം ഇത്തരത്തിലുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേസമയം അവിഹിതബന്ധത്തിലേർപ്പെടുന്ന സംഭവത്തിൽ കല്ലെറിയുന്നത് കൂടുതലും സ്ത്രീകളെ മാത്രമാണെങ്കിലും, നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആണും പെണ്ണും ക്രൂരമായ രീതിയിൽ ശരിയത്ത് നിയമപ്രകാരം വധിക്കപ്പെടുമെന്നും യൂസഫ് പറഞ്ഞു.

1996-2001 വരെയുള്ള തങ്ങളുടെ മുൻ ഭരണകാലത്തും, അഫ്ഗാനിസ്ഥാനിലെ തെരുവുകളിൽ ഇത്തരം വിഷയങ്ങളിൽ ശിക്ഷ നടപ്പാക്കാൻ സദാചാര പോലീസിനെ സ്ഥാപിക്കുകയും കുറ്റവാളികളെ പരസ്യമായി വധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് താലിബാൻ വക്താവ് ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞത്. ഇസ്ലാമിക നിയമങ്ങളും നിയന്ത്രണങ്ങളും ഉള്ള ഒരു സമാധാനപരമായ രാജ്യമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, “മതനിയമത്തെക്കാൾ വലുതായി മറ്റൊന്നുമില്ല” എന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാർ പ്രവർത്തിക്കുന്നത് ശരിയത്ത് നിയമം അനുസരിച്ചായിരിക്കുമെന്ന് ഭീകരസംഘടനയായ താലിബാന്റെ പരമോന്നത നേതാവ് ഹയ്ബത്തുള്ള അഖുൻദ്സാദയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles