Monday, May 6, 2024
spot_img

ദില്ലിയില്‍ ഭീകരര്‍ പിടിയിലായ സംഭവം; കൂടുതൽ അറസ്റ്റുകൾ ഉടൻ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ദില്ലി: ദില്ലിയില്‍ ഭീകരര്‍ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പിടിയിലായ ഭീകരരുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗത്തില്‍ സ്‌ഫോടനമടക്കം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

പാകിസ്ഥാനില്‍ പരീശീലനം ലഭിച്ച രണ്ട് പേര്‍ അടക്കം ആറ് ഭീകരരെയാണ് ഇന്നലെ പോലീസ് തലസ്ഥാന നഗരിയിൽ നിന്നും പിടികൂടിയത്. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും വൻ ആയുധശേഖരം പിടികൂടിയതായാണ് സൂചന. പിടിയിലായ ഭീകരരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നും ദില്ലിയിലും മുംബൈയിലും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നും റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. നവരാത്രി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതെന്നും പോലീസ് വ്യക്തമാക്കി.

എന്നാൽ ഈയൊരു നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സ്പെഷൽ സെൽ ദില്ലി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാ​ഗങ്ങളിൽ വ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്. മുഹമ്മദ് ഒസാമ, സീഷാൻ ഖമർ എന്നീ രണ്ട് ഭീകരർക്കാണ് പാകിസ്ഥാനിൽ പരിശീലനം ലഭിച്ചത്. കെസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് ദില്ലി പോലീസ് അറിയിച്ചു.

Related Articles

Latest Articles