തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും.വന്ദേ ഭാരത് കന്നി യാത്രയിൽ തത്വമയി വാർത്താസംഘവും ഭാഗമായിരിക്കുകയാണ്. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ്. വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി നേരെ തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങിപോകും.
മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയുള്ളതാണ് വന്ദേഭാരത് ട്രെയിൻ. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബര യാത്ര… ഒറ്റനോട്ടത്തില്‍ ഇതെല്ലാമാണ് വന്ദേഭാരത് ട്രെയിൻ. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും. പക്ഷേ കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത്. കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും.

