Monday, May 6, 2024
spot_img

‘കഴിഞ്ഞ കാലങ്ങളിൽ മെഡിക്കൽ കോളജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താത്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണം’;തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതി വിരുദ്ധ സമരം ശക്തമാക്കുമെന്ന് ബിജെപി

തിരുവനന്തപുരം:കഴിഞ്ഞ കാലങ്ങളിൽ മെഡിക്കൽ കോളജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താത്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റെ അഡ്വ.വി.വി.രാജേഷ്.തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി വിരുദ്ധ സമരവും കൂടാതെ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റെ അഡ്വ.വി.വി.രാജേഷ് വ്യക്തമാക്കി.

സിപിഐഎം പ്രവർത്തകർക്ക് പുറമെ, ക്രിമിനൽ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ താത്കാലിക തസ്തികകളിൽ നിയമിക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിപിഐഎം നേതാവിൻ്റെ കീഴിൽ തഴച്ചു വളർന്നു കഴിഞ്ഞു. കഴിഞ്ഞ 5 വർഷമായി 500ൽ പരം അനധികൃത നിയമനങ്ങളാണ് ഈ സംഘം നടത്തിയിട്ടുള്ളത്. ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ കോഴപ്പണമായി വാങ്ങുന്നതിന് പുറമെ ഇവരുടെ മാസശമ്പളത്തിൽ നിന്ന് ഓരോരുത്തരും ആയിരം രൂപവീതം മാസപ്പടിയായി ഈ സിപിഎം നേതാവിന് നൽകേണ്ടതായുണ്ടെന്നും വി.വി.രാജേഷ് ആരോപിച്ചു.

നഗരസഭയുടെ പലകെട്ടിടങ്ങളും ഓരോ വർഷവും ലേലത്തുക പുതുക്കാതെ സിപിഐഎം സംഘടനകളും, നേതാക്കളും കൈവശം വച്ചിരിക്കുകയാണ്. നായനാർ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ കോർപ്പറേഷനിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ സിപിഐഎമ്മിൻ്റെ പാർട്ടി പ്രവർത്തനമാണ് ഈ കെട്ടിടത്തിലെ ചില റൂമുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനെതിരെ ബിജെപി, മഹിളാമോർച്ച പ്രവർത്തകർ പ്രകടനം നടത്തി പിരിഞ്ഞ് പോയശേഷം സിപിഐഎം അനുഭാവികളായ ചില പൊലീസുദ്യോഗസ്ഥരാണ് ആ കെട്ടിടത്തിലെ കണ്ണാടിച്ചില്ലുകൾ തകർത്തതെന്നും അദ്ദേഹം പറ‍ഞ്ഞു.
കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ബിജെപി നടത്തുന്ന ജനകീയ സമരങ്ങളെ തകർക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സിപിഐഎമ്മും, പൊലീസും ചേർന്ന് ഇത്തരത്തിലുള്ള നാടകങ്ങൾ നടത്തുന്നത്. ആറ് വനിതകളുൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസിനെയുപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചും, ഭീഷണിപ്പെടുത്തിയും സമര രംഗത്തു നിന്ന് മാറ്റിനിറുത്തുവാൻ സിപിഐഎം നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി.വി.രാജേഷ് പറഞ്ഞു.

Related Articles

Latest Articles