Monday, October 5, 2026

ഡബിളാ…ഡബിൾ!;പോലീസായും തങ്ങളായും ആൾമാറാട്ടം;ഒടുവിൽ കുമ്പിടി മുഹമ്മദ് പിടിയിൽ

മലപ്പുറം:പോലീസായും തങ്ങളായും ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തി വരുന്നയാൾ പിടിയിൽ.മലപ്പുറം താനൂർ ഒസ്സാൻ കടപ്പുറം സ്വദേശി ചെറിയ മൊയ്തീങ്കനാകത്ത് മുഹമ്മദ് റാഫി (24) അറസ്റ്റിൽ. പരിചയക്കാർക്കിടയിൽ കുമ്പിടി മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പോലീസ് വോളന്റിയർ, ട്രോമകെയർ വോളന്റിയർ, പോലീസ് സ്ക്വാഡ് അംഗം തുടങ്ങി പലതരത്തിലാണ് ആളുകളെ പറ്റിച്ചിരുന്നത്.

കഴിഞ്ഞ ദിവസം മുഹമ്മദ് മുസാഫിർ എന്നയാളുടെ ഓട്ടോറിക്ഷ പോലീസ് വോളന്റിയറാണെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയി ഫറോക്കിൽ കറങ്ങിയ ശേഷം പണം കൊടുക്കാതെ കടന്നു കളഞ്ഞ കേസിലാണ് താനൂർ പോലീസ് റാഫിയെ പിടികൂടിയത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാളുടെ മറ്റ് തട്ടിപ്പുകളും പുറത്തായത്.

തിരൂരിൽ ഒരു കടയിൽ ഹാൻസ് വിൽക്കുന്നുണ്ടെന്നറിഞ്ഞ്, പോലീസ് സ്ക്വാഡാണെന്നും പറഞ്ഞ് എത്തി പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണ്. തങ്ങളായി ആൾമാറാട്ടം നടത്തി കർമ്മങ്ങൾ നടത്തി പണം തട്ടിയ സംഭവങ്ങളിലും കുമ്പിടിക്കെതിരെ പോലീസ് കേസെടുത്തു.അരീക്കോട്, താനൂർ പോലീസ് സ്റ്റേഷനുകളിലും മുഹമ്മദ് റാഫിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles