Sunday, April 28, 2024
spot_img

മോസ്‌കോയിൽ സംഗീതനിശയ്ക്കിടെ ഭീകരാക്രമണം; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്;ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 40 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. തോക്കുമായെത്തിയ അഞ്ച് പേർ ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നാലെ രണ്ട് തവണ അക്രമികൾ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു.

വെടിവയ്പ്പിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലും തിക്കിലും തിരക്കിലും പെട്ടും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഗീതനിശ നടന്ന ഹാളിനുള്ളിലേക്ക് വേഷം മാറിയാണ് അക്രമികൾ പ്രവേശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഹാളിന്റെ കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ ഹാളിനുള്ളിലേക്ക് പ്രവേശിച്ചത്. 15-20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ടെലിഗ്രാം സന്ദേശത്തിലൂടെയാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന വിവരം ഇവർ പുറത്ത് വിട്ടത്. ആക്രമണം നടത്തിയ തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഐഎസ് പ്രസ്താവനയിൽ പറയുന്നു. കുറ്റവാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി റഷ്യൻ നാഷണൽ ഗാർഡ് അറിയിച്ചു. ആക്രമണത്തിൽ കൃത്യമായ അന്വേഷണം ആരംഭിച്ചതായും പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.

Related Articles

Latest Articles