Sunday, October 11, 2026

കറാച്ചിയിൽ ഭീകരാക്രമണം! സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റി ; 3 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിലെ കറാച്ചിയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിലും തുടർന്നുണ്ടായ വെടിവെപ്പിലും മൂന്ന് സിന്ധ് റേഞ്ചേഴ്സ് (അർദ്ധസൈനിക വിഭാഗം) ജവാന്മാർ കൊല്ലപ്പെട്ടു. കറാച്ചിയിലെ ഗുലിസ്താൻ-ഇ-ജൗഹറിലുള്ള പാകിസ്താൻ റേഞ്ചേഴ്സിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സുരക്ഷാസേനയും ഭീകരരും തമ്മിൽ അതിശക്തമായ വെടിവെപ്പുണ്ടായി. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

അതിശക്തമായ ആദ്യ സ്ഫോടനത്തിന് പിന്നാലെ യൂണിവേഴ്സിറ്റി റോഡിലെ മെറ്റീരിയോളജിക്കൽ ചൗരംഗിക്ക് സമീപവും മറ്റൊരു സ്ഫോടനവും വെടിവെപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് കറാച്ചിയിലെ പ്രധാന റോഡുകളെല്ലാം സുരക്ഷാസേന വളയുകയും ഗതാഗതം പൂർണ്ണമായി തടയുകയും ചെയ്തു. ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ സംഭവസ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. നിരോധിച്ച ഭീകരസംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താന്റെ (ടിടിപി) വിഘടിത വിഭാഗമായ ജമാഅത്ത്-ഉൽ-അഹ്‌റാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തങ്ങളുടെ ‘ഖുലഫാ-ഇ-റാഷിദീൻ ഇസ്തിഷാദി ബ്രിഗേഡ്’ എന്ന ചാവേർ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഇവർ അവകാശപ്പെടുന്നത്.
സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് സുരക്ഷ ശക്തമാക്കാനും സംഭവത്തിന്റെ യഥാർത്ഥ സ്വഭാവം എത്രയും വേഗം കണ്ടെത്താനും പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles