കൊച്ചി: ആലുവയിൽ പോപ്പുലർ ഫ്രണ്ടുകാർക്ക് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പരിശീലനം നൽകിയ നടപടി ആഭ്യന്തരവകുപ്പിൽ തീവ്രവാദികൾക്കുള്ള സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി. സംസ്ഥാന സർക്കാർ രണ്ടു തവണ പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയാണെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ടുകാർ നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകരാണെന്ന് വ്യക്തമാക്കിയതും കേരള സർക്കാരാണെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിൻറെ പേരിൽ നിരോധനം നേരിടുന്ന ഒരു സംഘടനയ്ക്ക് കേരള സർക്കാരിൻറെ ഒരു സേനാ വിഭാഗം പരിശീലനം നൽകിയത് നടുക്കമുളവാക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു പറഞ്ഞു. മാത്രമല്ല സർക്കാർ അറിയാതെ ഇങ്ങനെ ഒരു പരിശീലനം നൽകാൻ സാധ്യമല്ലെന്നും ആർഎസ്എസ് പ്രവർത്തകരുടെ വ്യക്തിപരമായ വിവരങ്ങൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോപ്പുലർ ഫ്രണ്ടിന് ചോർത്തി നൽകിയ സംഭവം ഈ അടുത്തകാലത്ത് പുറത്തു വന്നിരുന്നുവെന്നും. മതഭീകരരും സർക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത്തരം സംഭവങ്ങളുടെ വ്യക്തമാകുന്നതെന്നും സർവീസ് ചട്ടങ്ങൾ ലംഘിച്ച് ഒരു തീവ്രവാദ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാബു ആവശ്യപ്പെട്ടു

