ചെന്നൈ: “ജനിച്ചവരെല്ലാം തുല്യരാണ്”, തമിഴ് നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴക (ടിവികെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. “നമുക്ക് രാഷ്ട്രീയത്തിൽ മാറ്റം വേണം, ഇല്ലെങ്കിൽ നമ്മളാണ് മാറ്റം സൃഷ്ടിക്കേണ്ടത്” എന്ന് പറഞ്ഞുകൊണ്ട്, വിജയ് ആയിരക്കണക്കിന് പ്രവർത്തകരുടെയും ആരാധകരുടെയും മുന്നിൽ സംസാരിച്ചത് ജനങ്ങളെ ആവേശത്താൽ നിറച്ചു. ഭയമില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നും, രാഷ്ട്രീയത്തിൽ പുതിയ ചിന്തകളെ നടപ്പാക്കുമെന്നും
വിജയ് പറഞ്ഞു.
“രാഷ്ട്രീയത്തിൽ ഞാൻ ഒരു കുഞ്ഞാണ് ,പക്ഷേ, ഒരു കുഞ്ഞ് ആദ്യമായി പാമ്പിനെ കണ്ടാൽ അത് ഭയക്കാതെ ചിരിച്ചു നോക്കുമല്ലോ. അങ്ങനെ തന്നെയാണ് രാഷ്ട്രീയത്തെ ഞാൻ സമീപിക്കുന്നത്.” സാമൂഹ്യ നീതി പ്രാധാന്യമുള്ള മതേതര സമൂഹമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും, തുല്യതയ്ക്കും നീതിക്കും വേണ്ടി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുഞ്ചിരിയോടെയും ഗൗരവത്തോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു.
വെറും പ്രസംഗത്തിൽ മാത്രം ഒതുങ്ങാതെ, പ്രായോഗിക നയങ്ങളും പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തൽ,സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വർണവിവേചനത്തിനെതിരെ കർശനമായ നിയമങ്ങൾ നടപ്പാക്കൽ തുടങ്ങിയവയും വിജയ് പ്രഖ്യാപിച്ചു

