Friday, May 17, 2024
spot_img

താമരശ്ശേരി ചുരത്തിലെ കുരുക്ക് 2025 ഓടെ അഴിയും ; 3.7 കിമീ നീളത്തിൽ വയനാട്ടിലേക്ക് താമരശ്ശേരി ചുരം റോപ്‌വേ

എത്ര തീർത്താലും തീരാത്ത കുരുക്കാണ് താമരശ്ശേരി ചുരത്തിലുള്ളത്. മണിക്കൂറുകളോളം ബ്ലോക്കിൽപെട്ട് കുടുങ്ങുന്നത് ഇന്നിവിടെ ഒരു സ്ഥിരം സംഭവമായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനു ബദൽ യാത്രാ മാര്‍ഗ്ഗങ്ങൾ ഇനിയും ഒന്നും വന്നിട്ടില്ലാത്തതിനാൽ ബ്ലോക്കും കുരുക്കും തുടർകഥയാണ്.ഇപ്പോഴിതാ, ഏറ്റവും പുതിയ വാർത്തകളനുസരിച്ച് താമരശ്ശേരി ചുരത്തിലെ കുരുക്ക് 2025 ഓടെ അഴിയും! ഈ കുരുക്കിന് ബദലായി വയനാട്ടിലെ ലക്കിടിയില്‍ നിന്നും കോഴിക്കോട് അടിവാരംവരെയുള്ള റോപ്‌വേ 2025 ഓടെ പൂർത്തിയാകുമെന്ന് അറിയിച്ചിരിക്കുകയാണ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് മുന്നിൽക്കണ്ടുള്ള പദ്ധതി ആസൂത്രണം ചെയ്യുവാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തു നടന്ന എം എൽ എമാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തില്‍ ആണിത് അദ്ദേഹം അറിയിച്ചത്.

വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ നേതൃത്വത്തിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന റോപ് വേയ്ക്ക് 3.7 കിലോമീറ്റർ നീളമുണ്ടായിരിക്കും. 40 കേബിൾ കാറുകൾക്ക് പോകുവാൻ കഴിയുന്ന രീതിയിലാവും ഇതിന്റെ നിർമ്മാണം. 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ്. തെക്കേ ഇന്ത്യയിൽ വരുവാൻ പോകുന്ന ഏറ്റവും വലിയ റോപ് വേ ആയിരിക്കുമിതെന്നാണ് കരുതുന്നത്,
ഈ പദ്ധതിയുടെ ആവശ്യത്തിനായി നേരത്തെ ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും അടിവാരത്ത് പത്തേക്കര്‍ ഭൂമിയും മേടിച്ചിരുന്നു.

ഇതിന്റെ വിശദമായ പദ്ധതി രേഖകളും നേരത്തെ തന്നെ സമർപ്പിച്ചിരുന്നു. ബാക്കി ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി പൂർത്തിയാകുവാനുള്ളത്. ഇത് അതിന്റെ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനൊപ്പം വിനോദസഞ്ചാരരംഗത്ത് വമ്പൻ സാധ്യതകളും മാറ്റങ്ങളും കൊണ്ടുവരുവാൻ സാധിക്കുന്ന പദ്ധതിയാണ് താമരശ്ശേരി ചുരം റോപ്‌വേ കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഗണ്യമായി ഉയരുവാനും ഇത് സഹായിക്കും.

Related Articles

Latest Articles