Friday, May 3, 2024
spot_img

പോലീസ് വിരിച്ച വലയിൽ ഇടം വലം തിരിയാനാകാതെ പ്രതികൾ; തട്ടിയെടുത്ത കുഞ്ഞിനെ ഗത്യന്തരമില്ലാതെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു; 20 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ആശ്വാസ വാർത്തയെത്തി: അബിഗേൽ സാറാ റെജി സുരക്ഷിത

കൊല്ലം ; പ്രാർത്ഥനയുടെയും കണ്ണീരിന്റെയും ഇരുപത് മണിക്കൂറുകൾക്ക് വിരാമം. ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് പ്രതികൾ ഉപേക്ഷിച്ച നിലയിൽ അബിഗേലിനെ കണ്ടെത്തിയത്. പ്രഥമ ദൃഷ്ടിയാൽ അവശയാണെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് കരുതുന്നത്. വൈദ്യസഹായം അടക്കം കുഞ്ഞിന് ലഭ്യമാക്കും.

ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടു നാലുമണിയോടെയാണു സംഭവം. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള കാറിലാണു സംഘമെത്തിയത്. ഒരു സ്ത്രീയും 3 പുരുഷന്മാരും അടക്കം കാറിൽ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയ്ക്ക് നൽകാനെന്ന പേരിൽ കടലാസ് വച്ച് നീട്ടുകയും അടുത്തെത്തിയപ്പോൾ കുട്ടിയെ കാറിനകത്തേക്ക് വലിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരന്‍ 8 വയസുള്ള ജോനാഥനെ സംഘം വലിച്ചിഴച്ചു. കുട്ടിയുടെ കാലിൽ മുറിവേറ്റിട്ടുണ്ട്. പിന്നാലെ ഇന്നലെ മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് തവണ ഫോൺ സന്ദേശവുമെത്തി. ആദ്യം അഞ്ച് ലക്ഷവും രണ്ടാം തവണ പത്ത് ലക്ഷവുമാണ് മോചന ദ്രവ്യമായി തട്ടിക്കൊണ്ട് പോയവർ ആവശ്യപ്പെട്ടത്.

അതേസമയം, തിരുവനന്തപുരത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരിൽ രണ്ടുപേരെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും കേസുമായി ബന്ധമില്ലെന്നാണ് വിവരം. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Latest Articles