Sunday, May 5, 2024
spot_img

ജോലി തട്ടിപ്പിൽ പെട്ട് റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ ! റഷ്യയില്‍ ജോലി വാഗ്ദാനംചെയ്യുന്ന ഏജന്റുമാരുടെ കെണിയില്‍ പെടരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് !

ജോലി തട്ടിപ്പിൽ പെട്ട് റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ രാജ്യം പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്ര സർക്കാർ. റഷ്യയിലെത്തിയ ഇവർ റഷ്യൻ സൈന്യത്തിനായും കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന് വേണ്ടിയും പോരാടാൻ നിർബന്ധിതരാകുന്നു എന്നാണ് വിവരം.

റഷ്യ-യുക്രൈന്‍ യുദ്ധഭൂമിയില്‍ ചില ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. നിരവധി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റുമാര്‍ റഷ്യന്‍ ഭാഷയിലുള്ള ചില കരാറുകളില്‍ ഒപ്പിടുവിച്ചെന്നും കുടുംബങ്ങള്‍ പറഞ്ഞിരുന്നു.

“മറ്റ് പല ജോലികൾ ലഭിക്കും എന്ന വ്യാജേനെ നിരവധി ഇന്ത്യൻ പൗരന്മാർ വ്യത്യസ്ത ഏജന്സികളാൽ പറ്റിക്കപ്പെട്ട് റഷ്യൻ സൈന്യത്തിനു വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന സാഹചര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വിഷയം റഷ്യൻ സർക്കാരിനെ ഞങ്ങൾ വളരെ ശക്തമായ രീതിയിൽ അറിയിച്ചിട്ടുണ്ട്. അങ്ങനെ കബളിപ്പിക്കപ്പെട്ട് പോയ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചെത്തിക്കുവാനുള്ള നടപടികൾ ഭാരത സർക്കാർ കൈക്കൊള്ളും. റഷ്യൻ സൈന്യത്തിൽ സപ്പോർട്ട് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനും അവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” – കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഇന്ത്യക്കാരെ റഷ്യൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടന്ന മനുഷ്യക്കടത്ത് സംഘങ്ങളെ മുഴുവൻ സിബിഐ വലയിലാക്കിയിരിന്നു. റഷ്യയില്‍ ജോലി വാഗ്ദാനംചെയ്യുന്ന ഏജന്റുമാരുടെ കെണിയില്‍ പെടരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

Related Articles

Latest Articles